കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ബ്രസീൽ മെക്സിക്കോക്ക് എതിരെ ആവേശകരമായ വിജയം നേടി. ഇന്ന് ടെക്സാസിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ബ്രസീൽ വിജയിച്ചത്. 94ആം മിനുട്ടിൽ സമനില വഴങ്ങിയ ബ്രസീൽ 96ആം മിനുട്ടിൽ തിരിച്ചടിച്ചാണ് വിജയം നേടിയത്. ഇന്ന് മത്സരം ആരംഭിച്ച അഞ്ചാം മിനിറ്റിൽ തന്നെ ഫുൾഹാം താരം ആൻഡ്രെസ് പെരേരയിലൂടെ ബ്രസീൽ ലീഡ് എടുക്കുകയായിരുന്നു. സവിഞ്ഞോ ആയിരുന്നു ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയത്.
ആദ്യ പകുതിയിൽ അത്ര മികച്ച പ്രകടനം അല്ല ബ്രസീൽ കാഴ്ചവച്ചത് എങ്കിലും അവർ 1-0ന്റെ ലീഡിൽ തുടർന്നു. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആഴ്സണൽ താരം മാർട്ടിനെല്ലിയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. കൗട്ടോയുടെ ഒരു മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
73ആം മിനുട്ടിൽ കിനോസിനെ ഗോളിൽ മെക്സിക്കോ ഒരു ഗോൾ തിരിച്ചടിച്ചു. ഇത് മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. അവസാനം 94ആം മിനുട്ടിൽ ഗുയിലെമോ മാർട്ടിനസിന്റെ ഒരു ഷോട്ട് നിയർ പോസ്റ്റിൽ അലിസണെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 2-2. ഇനി ഒരു വിജയ ഗോൾ നേടാൻ സമയം ഇല്ലായെന്ന് തോന്നിയ സമയത്ത് 96ആം മിനുട്ടിൽ എൻഡ്രിക് ബ്രസീലിനായി വിജയ ഗോൾ നേടി. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു യുവതാരത്തിന്റെ ഗോൾ.
ബ്രസീൽ ഇനി കോപ്പ അമേരിക്കയ്ക്ക് മുന്നേ അമേരിക്കക്കെതിരെയും ഒരു സൗഹൃദ മത്സരം കളിക്കും.