മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ദിമിതർ ബെർബറ്റോവ് ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ ഫുട്‌ബോൾ കരിയറിന് അവസാനം കുറിച്ചത്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് ബെർബറ്റോവ്. 38 വയസുകാരനാണ് ബെർബറ്റോവ്. 2018 ൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചതിന് ശേഷം ബെർബറ്റോവ് മറ്റൊരു ടീമിന് വേണ്ടി കളിച്ചിട്ടില്ല.
ബൾഗേറിയ ദേശീയ ടീമിന് വേണ്ടി 78 രാജ്യാന്തര മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ബയേർ ലെവർകൂസനിലൂടെയാണ് ബെർബറ്റോവ് ഫുട്‌ബോളിൽ ശ്രദ്ധികപ്പെടുന്നത്. പിന്നീട് 2006 ൽ ടോട്ടൻഹാമിൽ എത്തിയ താരം 2 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെയാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കന്നത്. 2012 വരെ ഓൾഡ് ട്രാഫോഡിൽ തുടർന്ന ബെർബറ്റോവ് ഫുൾഹാം, മൊണാക്കോ, പവോക് ടീമുകൾക്ക് വേണ്ടിയും കളിച്ചു. 2017ൽ റെനേ മുളസ്റ്റീൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആയതോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്.
2 പ്രീമിയർ ലീഗ്, 2 ലീഗ് കപ്പ്, 2 കമ്യുണിറ്റി ഷീൽഡ്, 1 ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.