ദീർഘ കാലത്തെ പരിക്കിന് ശേഷം കളത്തിൽ തിരിച്ചെത്തി ബെല്ലറിൻ

ദീർഘ കാലത്തെ പരിക്കിനെ ശേഷം വീണ്ടും കളത്തിൽ തിരിച്ചെത്തി ആഴ്‌സണൽ താരം ഹെക്ടർ ബെല്ലറിൻ. വോൾവ്‌സിനെതിരായ അണ്ടർ 23 മത്സരത്തിൽ ആഴ്‌സണലിന് വേണ്ടി കളിച്ചുകൊണ്ടാണ് ബെല്ലറിൻ 8 മാസത്തെ ഇടവേളക്ക് ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയത്. മത്സരത്തിൽ അവസാന മിനുറ്റിൽ നേടിയ ഗോളിൽ വോൾവ്‌സ് ആഴ്‌സണലിനോട് സമനില പിടിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ചെൽസിക്കെതിരെയുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇതുവരെ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ബെല്ലറിനെ കൂടാതെ കഴിഞ്ഞ സമ്മറിൽ സെൽറ്റികിൽ നിന്ന് ആഴ്സണലിൽ എത്തിയ കീരൻ ടെർണിയും ആഴ്‌സണൽ ജേഴ്സിയിൽ അരങ്ങേറ്റം നടത്തി. ഒരു മണിക്കൂറോളം ഇരു താരങ്ങളും മത്സരത്തിൽ കളിക്കുകയും ചെയ്തു. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണലിന് ബെല്ലറിന്റെ തിരിച്ചുവരവ് ഗുണം ചെയ്യും.