എഫ്‌സി ബയേൺ മ്യൂണിക്ക് അവരുടെ നിലവിലെ ഹെഡ് കോച്ച് ജൂലിയൻ നാഗെൽസ്‌മാനെ പുറത്താക്കുന്നത് പരിഗണിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ക്ലബ് ഇപ്പോഴും ചാമ്പ്യൻസ് ലീഗിലും ബുണ്ടസ് ലീഗയിലും ഇരിക്കെ ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്. അടുത്തിടെ ബയേൺ പ്രീക്വാർട്ടറിൽ പി എസ് ജിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ബുണ്ടസ് ലീഗയിൽ അവർ പക്ഷെ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.
യുവ പരിശീലകൻ ആണെങ്കിലും നാഗൽസ്മാന് ഇനിയും അവസരം വേണ്ട എന്നാണ് ബയേൺ ആലോചിക്കുന്നത്. മുൻ ചെൽസി പരിശീലകൻ തോമസ് ടൂഷലാണ് ബയേൺ മ്യൂണിക്കിൽ നാഗൽസ്‌മാന് പകരക്കാരനാവുക എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസി ഉടമകളുമായി തെറ്റി ക്ലബു വിട്ട ടൂഷൽ പിന്നെ ചുമതകലകൾ ഒന്നും ഏറ്റിരുന്നില്ല. ടൂഷൽ റയൽ മാഡ്രിഡ് പരിശീലകനായി അടുത്ത സീസണിൽ എത്തും എന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്തായാലും ഈ വാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. മുമ്പ് ബയേണിന്റെ വൈരികളായ ഡോർട്മുണ്ടിനെ ടൂഷൽ പരിശീലിപ്പിച്ചിട്ടുണ്ട്.