പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ടൂഷലിന്റെ ബയേൺ മ്യൂണിച്ച് ഒന്നാം സ്ഥാനക്കാരായ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അലയൻസ് അരീനയിൽ 4-2 ന് ആണ് ബയേൺ വിജയിച്ചത്. മത്സരത്തിൽ തോമസ് മുള്ളറുടെ ഇരട്ട ഗോളുകളും ഒരു സെൽഫ് ഗോളും ബയേണ് ആദ്യ പകുതിയിൽ ആധിപത്യം നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിംഗ്സ്ലി കോമാന്റെ സ്‌ട്രൈക്ക് കൂടെ വന്നതോടെ ആതിഥേയ ടീം വിജയം ഉറപ്പിക്കുകയും ചെയ്തു.
എമ്രെ ചാനും, ഡോണേൽ മാലെനും ഡോർട്ട്മുണ്ടിനായി ഗോൾ നേടി എങ്കിലും ഫലം മാറിയില്ല. ഈ നിർണായക വിജയത്തോടെ, 26 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി ബയേൺ മ്യൂണിക്ക് ബുണ്ടസ്‌ലിഗ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. നിലവിൽ 53 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ട്, തങ്ങളുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ ഈ തോൽവിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തും.