ബുണ്ടസ് ലീഗയിൽ കിരീട പോരാട്ടത്തിൽ വൻ ട്വിസ്റ്റ്. ഇന്ന് ബയേൺ മ്യൂണിച്ച് സ്വന്തം ഗ്രൗണ്ടിൽ ലൈപ്സിഗിനോട് പരാജയപ്പെട്ടതോടെ കാര്യങ്ങൾ ബയേണിന്റെ നിയന്ത്രണത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇന്ന് ഒരു ഗോളിന് മുന്നിട്ടു നിന്നിരുന്ന ബയേൺ പിന്നീട് 1-3ന് തോൽക്കുക ആയിരുന്നു. 25ആം മിനുട്ടിൽ ഗ്നാബറിയുടെ ഗോളാണ് ബയേണെ മുന്നിൽ എത്തിച്ചത്.
65ആം മിനുട്ടിൽ ലൈമറിന്റെ ഗോൾ ലൈപ്സിഗിന് സമനില നൽകി. പിന്നാലെ 76ആം മിനുട്ടിൽ എങ്കുങ്കു ലൈപ്സിഗിന് ലീഡും നൽകി. കളിയിലേക്ക് തിരികെവരാൻ ബയേൺ ശ്രമിക്കുന്നതിനിടയിൽ ഒരു പെനാൾട്ടിയുലൂടെ ലൈപ്സിഗ് അവരുടെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.
ഈ പരാജയത്തോടെ ബയേൺ 33 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 32 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി ഡോർട്മുണ്ട് രണ്ടാമതും നിൽക്കുന്നു. ഇനി ഓഗ്സ്ബർഗിനും മൈൻസിനും എതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ ഡോർട്മുണ്ടിന് കിരീടം നേടാം.