മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ ഒരു സീസൺ ലോൺ കരാറിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന ബാഴ്‌സലോണ ഞായറാഴ്ചയോടെ ട്രാൻസ്ഫർ പൂർത്തിയാക്കും. ഇരു ക്ലബ്ബുകളും താരത്തിന്റെ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കരാർ പ്രകാരം, ലോൺ കാലാവധിക്ക് ശേഷം താരത്തെ സ്ഥിരമായി ടീമിലെത്തിക്കാൻ ബാഴ്‌സലോണയ്ക്ക് അവസരമുണ്ടാകും. റാഷ്‌ഫോർഡിന്റെ മുഴുവൻ ശമ്പളവും ബാഴ്‌സലോണ വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ച റാഷ്‌ഫോർഡ്, ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തിന് വേണ്ടി ആയിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്‌സലോണയ്ക്ക് താരത്തെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ, ലോൺ കരാറാണ് ഏറ്റവും അനുയോജ്യമായ മാർഗം. ആഴ്ചയിൽ 325,000 പൗണ്ടിലധികം വരുമാനമുള്ള റാഷ്‌ഫോർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഉയർന്ന ശമ്പളമുള്ള കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ ലോൺ കാലയളവിൽ വില്ലയാണ് റാഷ്‌ഫോർഡിന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും നൽകിയത്. എന്നാൽ, ഇത്തവണ മുഴുവൻ ശമ്പളവും വഹിക്കാൻ ബാഴ്‌സലോണ തയ്യാറാണ്.
കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ റാഷ്‌ഫോർഡിന്, ഏപ്രിലിൽ ഏറ്റ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി.
റൂബൻ അമോറിം പരിശീലകനായ ശേഷം ടീമിൽ നിന്ന് തഴയപ്പെട്ട റാഷ്‌ഫോർഡ്, യുണൈറ്റഡിന്റെ പ്രീ-സീസൺ പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നുവെങ്കിലും ട്രാൻസ്ഫർ സാധ്യതകൾ തേടാനായി വ്യക്തിഗത പരിശീലനമാണ് ചെയ്യുന്നത്.
നേരത്തെ ബാഴ്‌സലോണ നോട്ടമിട്ടിരുന്ന നിക്കോ വില്യംസ് അത്‌ലറ്റിക് ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചതും ലിവർപൂളിൽ നിന്ന് ലൂയിസ് ഡയസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും റാഷ്‌ഫോർഡിനെ ഒരു പ്രധാന ലക്ഷ്യമാക്കി മാറ്റുകയായിരുന്നു.