ബാഴ്സലോണയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡ് ലാലിഗയിലെ ആദ്യ മത്സരത്തിൽ മയ്യോർക്കക്കെതിരെ കളിച്ചേക്കില്ല. താരത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച പ്രശ്നങ്ങളാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം റാഷ്‌ഫോർഡ് അടക്കമുള്ള പുതിയ താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ക്ലബിന് ഇതുവരെ സാധിച്ചിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് റാഷ്‌ഫോർഡ് ബാഴ്സയിലെത്തിയത്. നിലവിൽ പുതുതായി എത്തിയ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ബാഴ്സലോണ ഇപ്പോൾ മുൻഗണന നൽകുന്നത്. അദ്ദേഹത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ്.
അതേസമയം, റാഷ്‌ഫോർഡിന്റെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പ്രസിഡന്റ് ജോവാൻ ലപോർട്ടയും പരിശീലകൻ ഹാൻസി ഫ്ലിക്കും നടത്തുന്നുണ്ടെങ്കിലും, ലാലിഗയുടെ സാമ്പത്തിക നിയമങ്ങൾ ക്ലബിന് തിരിച്ചടിയായി. അടുത്തിടെ നടന്ന ജോവാൻ ഗാംപർ ട്രോഫിയിൽ റാഷ്‌ഫോർഡ് കളിക്കുകയും അസിസ്റ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ, മയ്യോർക്കക്കെതിരായ മത്സരത്തിൽ താരത്തിന് ഗ്യാലറിയിലിരുന്ന് കളി കാണേണ്ടിവരുമെന്നാണ് സൂചന.