രോഗബാധിതനായ ബാഴ്സലോണയുടെ മുൻ ഗോൾ കീപ്പിങ് കോച്ച് ആയിരുന്ന ഹുവാൻ കാർലോസ് ഉൻസുവെക്ക് വേണ്ടി ധനസമാഹാരണാർത്ഥം നടത്തുന്ന സൗഹൃദ മത്സരത്തിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റു മുട്ടുന്നു.ക്യാമ്പ് ന്യൂവിൽ വെച്ചാണ് ഈ ചാരിറ്റി മത്സരം നടക്കുക. ന്യൂറോണിനെ ബാധിക്കുന്ന രോഗം ബാധിച്ച ശേഷം ഉൻസുവേ ചേർന്ന് പ്രവർത്തിക്കുന്ന ലുസോൺ ഫൗണ്ടേഷൻ എന്ന സംഘടനക്കാണ് മത്സരത്തിലൂടെ ലഭിക്കുന്ന വരുമാനം കൈമാറുന്നത്. അൻപതിനായിരത്തിൽ പരം സീറ്റുകൾ ഇപ്പോൾ തന്നെ വിൽക്കാൻ സാധിച്ചു. അതേ സമയം ഒരു ചാരിറ്റി മത്സരം എന്നതിനേക്കാൾ പല മാനങ്ങളും ഉള്ള മത്സരമാണ് ഇത്.
സാവി ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുമായി ആദ്യമായി ഏറ്റു മുട്ടുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ബാഴ്‌സയിൽ ആദ്യം സാവിയുടെ സഹതാരവും പിന്നീട് കോച്ചുമായി എത്തിയ ഗ്വാർഡിയോള തന്റെ മുഴുവൻ ശക്തിയും സംഭരിച്ച് തന്നെ സിറ്റിയെ കളത്തിൽ ഇറക്കും. പ്രധാന താരങ്ങൾ എല്ലാവരും അണിനിരക്കും. ബാഴ്‌സയിൽ ഉടച്ചുവാർക്കലുകൾ നടത്തുന്ന സാവിക്ക് തന്റെ ടീമിന്റെ കഴിവും പ്രാപ്തിയും മനസിലാക്കാനുള്ള അവസരം ആവും ഈ മത്സരം.
ലാ മാസിയയിൽ നിന്നും ബാഴ്‌സയുടെ കേളീശൈലിയുടെ അടിമുതൽ മുടിവരെ മനസിലാക്കിയിട്ടുള്ള ഇരുവരുടെയും കോച്ചിങ്ങിൽ പക്ഷെ സാരമായ വ്യത്യാസവും കാണാൻ കഴിയും. മധ്യനിരയെ വെച്ചു കളം പിടിക്കുന്ന പെപ്പിന്റെയും അതിവേഗ വിങർമാരെ എതിർടീമിന്റെ പ്രതിരോധ നിരയെ കീറിമുറിക്കാൻ ഉപയോഗിക്കുന്ന സാവിയുടെയും ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടി ആവും നാളെ. സാവിക്ക് തന്റെ ടീം യൂറോപ്പിലെ പോരാട്ടങ്ങൾക്ക് ഒരുങ്ങിയോ എന്ന് വിലയിരുത്താനും ഈ മത്സരത്തിലൂടെ സാധിക്കും. ലീഗിൽ ഇതുവരെ രെജിസ്റ്റർ ചെയ്യാത്ത ജൂൾസ് കുണ്ടേയെയും ബാഴ്‌സ ജേഴ്‌സിയിൽ കാണാം.
2003 മുതൽ 2010വരെ ബാഴ്‌സയുടെ ഗോൾ കീപ്പിങ് കോച്ച് ആയിരുന്ന ഉൻസുവെ പിന്നീട് 2014 മുതൽ മൂന്ന് വർഷത്തോളം ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയും പ്രവർത്തിച്ചു. മത്സരം ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ ഒരുമണിക്ക് ആരംഭിക്കും.