ഇന്ന് ആർസിഡി മയോർക്കയ്ക്ക് എതിരായ എവേ മത്സരത്തോടെ എഫ്‌സി ബാഴ്‌സലോണ തങ്ങളുടെ ലാ ലിഗ കിരീടം നിലനിർത്താനുള്ള പോരാട്ടം ആരംഭിക്കും. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം, ഹാൻസി ഫ്ലിക്കിന്റെ ടീം ചില മാറ്റങ്ങളോടെയാകും ഇറങ്ങുന്നത്.

പ്രധാന സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി പേശിവേദനയെ തുടർന്ന് കളിക്കാൻ സാധ്യതയില്ല. കൂടാതെ സ്ഥിരം ഗോൾകീപ്പർ മാർക്-ആന്ദ്രേ ടെർ സ്റ്റെഗൻ പുറം ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണ്. പുതിയ താരം മാർക്കസ് റാഷ്ഫോർഡിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആകാത്തതിനാൽ റാഷ്ഫോർഡും ഇന്ന് ഉണ്ടാകില്ല.
യുവതാരങ്ങളായ ലമിൻ യമാൽ തന്നെയാകും ഇന്ന് ശ്രദ്ധാകേന്ദ്രമാവുക. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത മയോർക വലിയ പ്രതീക്ഷയിലാണ്. സ്വന്തം കാണികളുടെ പിന്തുണയും ബാഴ്‌സലോണയുടെ പ്ലേയേഴ്സിൻ്റെ അഭാവവും മുതലെടുക്കാൻ അവർ ശ്രമിക്കും, എന്നാൽ പരിക്കേറ്റ പാബ്ലോ മാഫിയോ, സസ്പെൻഷനിലായ ഒമർ മസ്കരെൽ തുടങ്ങിയ പ്രധാന താരങ്ങളുടെ അഭാവം അവർക്ക് തിരിച്ചടിയാകും.
ചരിത്രപരമായി, മയ്യോർക്കയ്ക്ക് എതിരെയുള്ള മത്സരങ്ങളിൽ ബാഴ്‌സലോണ ആധിപത്യം പുലർത്തിയിട്ടുണ്ട്. കഴിഞ്ഞ 15 മത്സരങ്ങളിൽ 14 ലും ബാഴ്‌സലോണയാണ് വിജയിച്ചത്. ഇന്ന് രാത്രി 11 മണിക്ക് നടക്കുന്ന മത്സരം Fancode ആപ്പിൽ തത്സമയം കാണാം.