ബാഴ്‌സലോണയുടെ വെറ്ററൻ ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റേഗന് മൂന്ന് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. പുറം വേദനയെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചതിനെ തുടർന്നാണിത്. 2014-ൽ ബാഴ്‌സയിലെത്തിയ 33-കാരനായ ജർമ്മൻ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ശാരീരികമായി താൻ ഫിറ്റ് ആണെങ്കിലും, തുടർച്ചയായി വേദന അനുഭവപ്പെടുന്നതിനാൽ ശസ്ത്രക്രിയ ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സമാനമായ ഒരു ശസ്ത്രക്രിയക്ക് ശേഷം രണ്ട് മാസത്തിനുള്ളിൽ ടെർ സ്റ്റീഗൻ കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഇത്തവണ ഏകദേശം 90 ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പൂർണ്ണമായ തിരിച്ചുവരവിനും, ദീർഘകാല സങ്കീർണ്ണതകൾ ഒഴിവാക്കാനും വേണ്ടിയാണിത്.
ടെർ സ്റ്റീഗൻ ഇല്ലെങ്കിലും, ഈ സീസണിൽ എസ്‌പാൻയോളിൽ നിന്ന് ടീമിലെത്തിയ ജോവാൻ ഗാർസിയയും ഷെസ്നിയും ഉള്ളതിനാൽ ഗോൾ കീപ്പിംഗ് ഡിപാർട്മെന്റിൽ ഈ വിടവ് ബാഴ്സയെ കാര്യമായി ബാധിക്കില്ല.