ബാഴ്‌സലോണ: പുതിയ സീസണിന് മുന്നോടിയായി ശക്തമായ പ്രകടനം കാഴ്ചവെച്ച് ബാഴ്‌സലോണ. ജോവാൻ ഗാംപർ ട്രോഫിയിൽ ഇറ്റാലിയൻ ക്ലബായ കോമോയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. നവീകരണം നടക്കുന്നതിനാൽ ക്യാമ്പ് നൗവിൽ നിന്ന് മാറ്റി ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്.

മത്സരത്തിൽ ഫെർമിൻ ലോപ്പസും ലമീൻ യമലും ഇരട്ട ഗോളുകൾ നേടി. റാഫീഞ്ഞയും ബാഴ്‌സക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിലെത്തിയ മാർക്കസ് റാഷ്‌ഫോർഡ് അസിസ്റ്റുമായും തിളങ്ങി. റാഫീഞ്ഞയുടെ ഗോളിന് വഴിയൊരുക്കിയ റാഷ്‌ഫോർഡ്, ബാഴ്‌സലോണ ആക്രമണ നിരയിൽ നിർണായക താരമായി ഉണ്ടാകും എന്ന് സൂചന നൽകി.
ശനിയാഴ്ച മയ്യോർക്കയ്‌ക്കെതിരെയാണ് ലാ ലിഗയിൽ ബാഴ്‌സയുടെ ആദ്യ മത്സരം.