“ബാഴ്സലോണ വിടില്ലെന്ന് നേരത്തെ തീരുമാനിച്ചത്”: ഡി യോങ്, ടീമുമായുണ്ടായ പ്രശ്നങ്ങൾ മറച്ചു വെക്കാതെ താരം

20220922 105130

ബാഴ്സലോണ വിടേണ്ടതില്ലെന്ന് താൻ നേരത്തെ തീരുമാനിച്ചത് ആയിരുന്നു എന്നും അതിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഫ്രാങ്കി ഡിയോങ്. ക്ലബ്ബിലെ സഹതാരമായ ലെവെന്റോവ്സ്കിയുടെ പോളണ്ടിനെ നേരിടുന്നതിന് മുന്നോടിയായി ദേശിയ ടീം കോച്ച് ലൂയിസ് വാൻഗാലിനൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

ബാഴ്സലോണ

“ബാഴ്‌സയിൽ തന്നെ തുടരണമെന്നുള്ള തീരുമാനം മെയ് മാസത്തിൽ തന്നെ എടുത്തതാണ്. അതിൽ മാറ്റമൊന്നും വന്നിട്ടില്ല” ഡിയോങ് പറഞ്ഞു. അതേ സമയം കൈമാറ്റം സംബന്ധിച്ച് ക്ലബ്ബിൽ ഉണ്ടായ അസ്വസ്ഥതകൾ താരം തള്ളിയതും ഇല്ല. “ടീമിൽ തുടരണമെന്നള്ളത് തന്റെ തീരുമാനം ആയിരുന്നു, ചിലപ്പോൾ ക്ലബ്ബിന് മറ്റ് തീരുമാനങ്ങൾ ഉണ്ടാവാം, തന്റെയും ക്ലബ്ബിന്റെയും ഇഷ്ടങ്ങൾ പരസ്പര വിരുദ്ധവും ആവാം, പക്ഷെ അവസാനം എല്ലാം ശുഭമായി തന്നെ അവസാനിച്ചു.” താരം കൂട്ടിച്ചേർത്തു.

അതേ സമയം ബാഴ്‌സയിൽ അടുത്തിടെ അവസരങ്ങൾ കുറഞ്ഞത് മാറ്റാൻ കഴിയും എന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. “അവസരം കുറയുന്നത് താൻ ശ്രദ്ധിക്കാറുണ്ട്, ഇത് ഫിറ്റ്നസിനെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. ബയേണിനെതിരെ പകരക്കാരനായാണ് താൻ വന്നത്. എന്നാൽ ആ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നു.” ഡിയോങ് പറഞ്ഞു. ബാഴ്‌സയിൽ സഹതാരവും അടുത്ത മത്സരത്തിലെ എതിരാളിയും ആയ ലെവെന്റോവ്സ്കിയെ ഡിയോങ് പുകഴ്ത്തി. വളരെ അധികം കഴിവുകൾ ഉള്ള താരമെന്ന് അദ്ദേഹമെന്നും, പിച്ചിൽ ഗോളടിക്കാൻ കഴിയുന്ന താരമാണ് ലെവെന്റോവ്സ്കിയെന്ന് ഡിയോങ് ചൂണ്ടിക്കാണിച്ചു.