ബാഴ്സലോണയുടെ ഡാനിഷ് പ്രതിരോധ താരം ആൻഡ്രിയാസ് ക്രിസ്റ്റ്യൻസന് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റു. താരത്തിന്റെ ഇടതുകാലിലെ ലിഗമെന്റിന് (ACL) ഭാഗികമായി തകരാർ സംഭവിച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ഒഴിവാക്കി വിദഗ്ദ്ധ ചികിത്സ നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.
എങ്കിലും നാല് മാസത്തോളം താരത്തിന് മൈതാനത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ 2026 ഏപ്രിൽ മാസം വരെയെങ്കിലും ക്രിസ്റ്റ്യൻസന് മത്സരങ്ങൾ നഷ്ടമാകും.
കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായി ടീമിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യൻസൻ, കോപ്പ ഡെൽ റേയിൽ ഗ്വാഡലജാരയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടി മികച്ച ഫോമിലായിരുന്നു. ഇതിനിടയിലാണ് പരിക്കിന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി നേരിട്ടത്. ബാഴ്സലോണയിൽ എത്തിയത് മുതൽ പരിക്കുകൾ താരത്തെ വിടാതെ പിന്തുടരുകയാണ്. മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന ഡെന്മാർക്കിന്റെ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളും താരത്തിന് നഷ്ടമാകും. ലാലിഗയിൽ കിരീടപ്പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യൻസന്റെ അഭാവം ബാഴ്സലോണ പ്രതിരോധത്തിന്റെ ആഴം പരിശോധിക്കുന്നതാകും.









