ബിൽബാവോ: സ്പെയിൻ ഇന്റർനാഷണൽ താരം അയ്മെറിക് ലാപോർട്ടെ സൗദി ക്ലബ്ബായ അൽ നാസറിൽ നിന്ന് അത്‌ലറ്റിക് ക്ലബ്ബ് ബിൽബാവോയിലേക്ക് മടങ്ങിയെത്തുന്നു. അഞ്ച് ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകൾ നിരസിച്ചാണ് താരം തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്. ക്ലബ്ബുകൾ തമ്മിൽ രേഖകൾ കൈമാറിക്കൊണ്ടിരിക്കുന്നതിനാൽ ട്രാൻസ്ഫർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
2012 മുതൽ 2018 വരെ അത്‌ലറ്റിക്കിനായി കളിച്ച ലാപോർട്ടെ, പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിൽ വിജയകരമായ ഒരു കരിയർ പൂർത്തിയാക്കി. പഴയ ക്ലബ്ബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവയ്ക്കാനാണ് സാധ്യത. അൽ നാസറിൽ പരിമിതമായ അവസരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2025 ഏപ്രിലിന് ശേഷം ലാപോർട്ടെ കളിച്ചിട്ടില്ല.
ലാപോർട്ടെയുടെ ഈ മടങ്ങി വരവ് താരത്തിന്റെ ആഗ്രഹം സഫലമാക്കുക മാത്രമല്ല, അത്‌ലറ്റിക്കിന്റെ പ്രതിരോധ നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുന്ന അത്‌ലറ്റിക്കിനും 2026-ലെ ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന ലാപോർട്ടെയ്ക്കും ഈ നീക്കം ഗുണം ചെയ്യും.