ഇന്ന് സ്യോളിൽ വെച്ചു നടന്ന പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മലർത്തിയടിച്ച് അത്ലറ്റികോ മാഡ്രിഡിന് വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മേംഫീസ് ഡീപെയ്, കരാസ്കൊ എന്നിവർ നേടിയ ഗോളാണ് സിമിയോണിക്കും സംഘത്തിനും ജയം സമ്മാനിച്ചത്. സിറ്റിയുടെ ആശ്വാസ ഗോൾ റൂബൻ ഡിയാസ് നേടി. കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്‌സനലിനെതിരയാണ് സിറ്റിയുടെ അടുത്ത മത്സരം.
ഏറ്റവും കരുത്തുറ്റ ഇലവനുമായാണ് ടീമുകൾ കളത്തിൽ ഇറങ്ങിയത്. ഹാലണ്ടിന്റെ കൂടെ ജൂലിയൻ അൽവാരസിനെ കൂടി വിന്യസിച്ച് പെപ്പ് തന്ത്രങ്ങൾ മെനഞ്ഞപ്പോൾ കൂടെ ഗ്രീലിഷ്, ഫോടൻ, ബെർണഡോ സിൽവ എന്നിവരും ആദ്യ ഇലവനിൽ എത്തി. അതേ സമയം പുതിയ താരങ്ങൾ ആയ ആസ്പിലികുറ്റ, സോയുഞ്ചു അടക്കം അഞ്ചു ഡിഫൻഡർമാരെ അണിനിരത്തി സിമിയോണി മുന്നേറ്റത്തിൽ ഗ്രീസ്മാനേയും മൊറാടയേയും അണിനിരത്തി. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ കണ്ടെത്തിയില്ല. ഹാളണ്ടിന്റെ പല അവസരങ്ങളും കീപ്പർ തടുത്തു. അൽവാരസ് ബോക്സിന് പുറത്തു നിന്ന തൊടുത്ത ഷോട്ടുകൾക്കും ഇതേ അനുഭവമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി നിരവധി മാറ്റങ്ങൾ വരുത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ അത്ലറ്റികോ മാഡ്രിഡും മാറ്റങ്ങൾ കൊണ്ടു വന്നു.
കളത്തിൽ എത്തി നാലു മിനിറ്റിനുള്ളിൽ മേംഫിസ് ഡീപെയ് അത്ലറ്റികോക്ക് ലീഡ് സമ്മാനിച്ചു. ഡ്രിബ്ബിൾ ചെയ്തെത്തി ബോക്സിന് തൊട്ടു പുറത്തു നിന്നും എഞ്ചെൽ കൊറിയക്ക് കൈമാറിയ പന്ത് തിരിച്ചു സ്വീകരിച്ച് ഉടനടി തൊടുത്ത ഷോട്ടിലൂടെയാണ് ഹോളണ്ട് താരം 66ആം മിനിറ്റിൽ മനോഹരമായ ഗോൾ കണ്ടെത്തിയത്. 75 ആം മിനിറ്റിൽ ഡീപെയുടെ തന്നെ അസിസ്റ്റിൽ കരാസ്‌കോ രണ്ടാം ഗോളും നേടി. 85ആം മിനിറ്റിൽ സിറ്റിയുടെ ആശ്വാസ ഗോൾ എത്തി. കോർണറിലൂടെ എത്തിയ ബോളിൽ സെർജി ഗോമസിന്റെ ക്രോസിന് തലവെച്ച് റൂബൻ ഡിയാസ് ആണ് വല കുലുക്കിയത്.