എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ അത്‌ലറ്റിക് ബിൽബാവോയെ തകർത്ത് റയൽ മാഡ്രിഡ്

Newsroom

Mbappe


ലാ ലിഗയുടെ 19-ാം റൗണ്ടിൽ സാൻ മാമെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ 3-0ന് തകർത്ത് റയൽ മാഡ്രിഡ് തകർപ്പൻ വിജയം നേടി. കൈലിയൻ എംബാപ്പെ രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെ റയൽ മാഡ്രിഡ് ലീഗിൽ ബാഴ്സക്ക് തൊട്ടു പിറകിൽ എത്തി.

1000364101

മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. ട്രെന്റ് അലക്സാണ്ടർ-ആർനോൾഡിന്റെ കൃത്യമായ അസിസ്റ്റ് എംബാപ്പെ ഗോളാക്കി മാറ്റിയതോടെ സ്കോർ 1-0 ആയി. ഇത് ലീഗിൽ താരത്തിന്റെ 16-ാമത്തെ ഗോളാണ്. ടേബിളിൽ എട്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക് ബിൽബാവോ, ഗോർക്ക ഗുരുസെറ്റ, നിക്കോ വില്യംസ് എന്നിവരിലൂടെ ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.


ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡ് വർദ്ധിപ്പിച്ചു. എംബാപ്പെയുടെ കൃത്യമായ കോർണർ അസിസ്റ്റിൽ എഡ്വാർഡോ കാമവിംഗ ഉയർന്നുചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. ഈ സീസണിൽ താരത്തിന്റെ ആദ്യ ഗോൾ കൂടിയാണിത്.


59-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഗോൾ നേടി റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ചു. അൽവാരോ കരേരസിന്റെ അസിസ്റ്റിൽ, എംബാപ്പെ ഗോളിയെ മറികടന്ന് കൃത്യമായി പന്ത് വളച്ചെത്തിച്ച് 3-0 ന്റെ ലീഡ് നൽകി.