യെമൻ ഗോൾ പോസ്റ്റിൽ ബോംബ് പൊട്ടുന്ന വീഡിയോ ഇട്ടതിന് പഴി കേട്ട് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. സോഷ്യൽ മീഡിയയിൽ വിവാദമായതോടെയാണ് യെമൻ ഗോൾ പോസ്റ്റിൽ ബോംബ് പൊട്ടുന്ന രീതിയിലുള്ള വീഡിയോ ഡിലീറ്റ് ചെയ്തു എ.എഫ്.സി തടിതപ്പിയത്. വിയറ്റ്നാമിനെതിരെയുള്ള മത്സരത്തിൽ യെമൻ വഴങ്ങിയ ഗോളിൽ പന്തിനു പകരം പൊട്ടി തെറിക്കുന്ന മിസൈൽ രൂപത്തിലുള്ള വിഡിയോയാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തത്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് യെമൻ പരാജയപ്പെട്ടിരുന്നു.
ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വിഡിയോക്കെതിരെ വിമർശനവുമായി പലരും രംഗത്തെത്തി. ഇതോടെയാണ് വീഡിയോ ഡിലീറ്റ് ചെയ്തത് പുതിയ വീഡിയോ ഇടാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർബന്ധിതരായത്. മിസൈലിന് പകരം നക്ഷത്രം യെമൻ ഗോൾ പോസ്റ്റിൽ പതിക്കുന്ന വീഡിയോ എ.എഫ്.സി ഫേസ്ബുക് പേജിൽ പിന്നീട് പോസ്റ്റ് ചെയ്തു. 2015 മുതൽ ആഭ്യന്തര കലാപം നടക്കുന്ന സ്ഥലമാണ് യെമൻ.