ഏറ്റവും കൂടുതൽ ഏഷ്യൻ കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ജപ്പാൻ ഇന്ന് കുഞ്ഞന്മാരായ തുർക്ക്മെനിസ്താനെതിരെ നന്നായി വിറച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ ആയിരുന്ന ജപ്പാൻ അവസാനം കഷ്ടപ്പെട്ട് 3-2ന്റെ വിജയം സ്വന്തമാക്കി. ഈ ഏഷ്യൻ കപ്പിൽ വലിയ ടീമുകൾക്ക് ഒക്കെ കാലിടറുന്നതിന്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കളി തുടങ്ങി 27ആം മിനുട്ടിൽ തുർക്ക്മെനിസ്താൻ ക്യാപ്റ്റൻ തൊടുത്ത ഒരു സ്ക്രീമറിലൂടെ തുർക്ക്മെനിസ്താൻ മുന്നിൽ എത്തിയതായിരുന്നു. ആദ്യ പകുതിയിൽ ഉടനീളം മികച്ചു നിൽക്കാനും തുർക്ക്മെനിസ്താന് ആയി.
പക്ഷെ രണ്ടാം പകുതിയിൽ ജപ്പാൻ അവരുടെ കരുത്ത് കാണിച്ചു. 56ആം മിനുട്ടിലും 60ആം മിനുട്ടിലും യുസ ഒസോകൊ നേടിയ ഗോളുകൾ 2-1ന് ജപ്പാനെ മുന്നിൽ എത്തിച്ചു. 71ആം മിനുട്ടിൽ ഡോണും ജപ്പാനായി ഗോൾ നേടി. സ്കോർ 3-1 ആയിട്ടും തുർക്ക്മെനിസ്താൻ പൊരുതി. 77ആം മിനുട്ടിൽ ഒരു പെനാൾട്ടി തുർക്ക്മെനിസ്താനെ 3-2ൽ എത്തിച്ചു. തുർക്ക്മെനിസ്താന്റെ അത്യേവ് ആണ് പെനാൾട്ടി എടുത്തത്. ഇന്ന് പരാജയപ്പെട്ടു എങ്കിലും ഈ പ്രകടനം തുർക്ക്മെനിസ്താന് ടീർണമെന്റിൽ പ്രതീക്ഷ നൽകുന്നു.