ഏഷ്യൻ കപ്പിൽ ഇന്ന് നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഇറാന് ജയം. യെമനിനെയാണ് ഇറാൻ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇറാൻ ജയം സ്വന്തമാക്കിയത്. ഈ വർഷത്തെ ഏഷ്യൻ കിരീടം ആർക്കും വിട്ടുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്ന് മറ്റു ടീമുകൾക്കുള്ള മുന്നറിയിപ്പ് പോലെയാണ് ഇറാൻ ഇന്ന് കളിച്ചത്. ഇരട്ട ഗോളോടെ മെഹ്ദി ടറേമിയായിരുന്നു ഇറാന്റെ ഹീറോ.
മെഹ്ദി ടറേമിയുടെ ഗോളിലൂടെ 12ആം മിനുട്ടിൽ തന്നെ ഇറാൻ മുൻപിലെത്തി. യെമൻ ഗോൾ കീപ്പറുടെ പിഴവിൽ നിന്നായിരുന്നു ഗോൾ പിറന്നത്. തുടർന്ന് അധികം താമസിയാതെ ഇറാൻ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ യെമൻ ഗോൾ കീപ്പറുടെ സെൽഫ് ഗോളിലാണ് ഇറാൻ ഗോൾ നേടിയത്. ഫ്രീ കിക്കിൽ നിന്ന് വന്ന പന്ത് പോസ്റ്റിലിടിക്കുകയും തുടർന്ന് സിറിയ ഗോൾ കീപ്പർ സൗദ് അൽ സോവാദിയുടെ പിറകിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. രണ്ടാമത്തെ ഗോളിന്റെ ആഘോഷം തീരുന്നതിന് മുൻപ് യെമൻ ഗോൾ പോസ്റ്റിൽ ഇറാൻ മൂന്നാമത്തെ ഗോളും അടിച്ചു കയറ്റി. ഇത്തവണയും ഇറാന്റെ ഗോൾ നേടിയത് മെഹ്ദി ടറേമി തന്നെയായിരുന്നു. തുടർന്നും ആദ്യ പകുതിയിൽ ഇറാൻ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ കൂടുതൽ ഗോളുകളൊന്നും പിറന്നില്ല.
തുടർന്ന് രണ്ടാം പകുതിയിലാണ് ഇറാന്റെ ബാക്കി രണ്ടു ഗോളുകൾ പിറന്നത്. 53ആം മിനുട്ടിൽ സർദാർ അസ്മൗനും 78മത്തെ മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സമാൻ ഖുദൂസും ഗോളുകൾ മത്സരത്തിൽ നേടി ഇറാന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.