ഏഷ്യാ കപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം എന്ന് പറയാം. തായ്ലാന്റിനെതിരായ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 എന്ന നിലയിൽ നിൽക്കുകയാണ്. ഇന്ത്യയെക്കാൾ മികച്ച ടീമായി വിലയിരുത്തപ്പെട്ട തായ്ലാന്റിനെ സമർത്ഥമായി പിടിച്ചു കെട്ടാൻ ആദ്യ പകുതിയിൽ ഇന്ത്യക്കായി. ലീഡ് എടുത്ത ശേഷമാണ് ഇന്ത്യ സമനില ഗോൾ വഴങ്ങിയത്.
ആഷിഖ് കുരുണിയനെ സ്റ്റാർട്ട് ചെയ്യാനുള്ള കോൺസ്റ്റന്റൈൻ തീരുമാനം ഫലിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്.
ആഷിഖ് ആദ്യ നിമിഷം മുതൽ തായ്ലാന്റ് ഡിഫൻസിനെ വിഷമിപ്പിക്കാൻ തുടങ്ങി. കളിയുടെ 27ആം മിനുട്ടിൽ ആഷിഖ് തന്നെ ഇന്ത്യയ്ക്ക് മുന്നിൽ എത്താനുള്ള അവസരവും ഒരുക്കി. ആഷിഖ് ഒരു ബോക്സിലേക്കുള്ള കുതിപ്പ് ഇന്ത്യക്ക് ഒരു പെനാൾട്ടി നേടിതന്നു. പെനാൾട്ടി സുനിൽ ഛേത്രി ഒട്ടും പിഴക്കാതെ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വപ്ന നിമിഷമായിരുന്നു അത്.
പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 32ആം മിനുട്ടിൽ ഒരു ലോംഗ് ഫ്രീകിക്കിൽ ഇന്ത്യൻ ഡിഫൻസ് ലൈനിന് പിഴച്ചു. ദംഗ്ഡയുടെ ഹെഡർ ഗുർപ്രീതിന് തടയാൻ ആവുന്ന ഒന്നായിരുന്നില്ല. സ്കോർ 1-1. 37ആം മിനുട്ടിൽ ഒരു അവസരം കൂടെ ഛേത്രിക്ക് ലഭിച്ചു എങ്കിലും മുതലാക്കാൻ ഇന്ത്യൻ ഇതിഹാസത്തിന് ആയില്ല. ആഷിഖ് ആയിരുന്നു ഇത്തവണയും ഗോൾ അവസരം ഒരുക്കി കൊടുത്തത്.