ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിൽ എത്തിച്ച ഏക ഗോളിന്റെ മികവിൽ ബംഗ്ലാദേശിനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ ജയം കുറിച്ച് ഇന്ത്യ. ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്ന മത്സരത്തിൽ മുഴുവൻ സമയത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കേ ലഭിച്ച പെനാൽറ്റി ഇന്ത്യൻ നായകൻ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയിൽ നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ സാധിച്ച ഇന്ത്യ, നോക്ക്ഔട്ട് പ്രതീക്ഷകളും നിലനിർത്തി.
തുടക്കം മുതൽ ഇന്ത്യ ആക്രമണം നടത്തി. രാഹുലിന്റെ ക്രോസിൽ ഛേത്രിയുടെ ഹെഡർ ലക്ഷ്യം കണ്ടില്ല. മികച്ചൊരു നീക്കത്തിലൂടെ ബ്രൈസ് മിറാണ്ട, രോഹിതിന് ഒരുക്കിയ അവസരവും പാഴായി. ഇഞ്ചുറി ടൈമിൽ ഇന്ത്യക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ ലഭിച്ചു. ബ്രൈസ് മിറാണ്ടയുടെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ബംഗ്ലാദേശ് പ്രതിരോധത്തിന് പിഴച്ചപ്പോൾ ഛേത്രിയുടെ ഷോട്ട് എതിർ താരങ്ങളിൽ തട്ടി തെറിച്ചു. പിറകെ റാബിയുടെ ഷോട്ടും തടയപ്പെട്ടു. ഉടൻ തന്നെ റാബി ഉയർത്തി നൽകിയ ക്രോസിൽ രാഹുൽ കെപിയുടെ ഹേഡർ കീപ്പർ സേവ് ചെയ്തു. ഇന്ത്യ ലീഡ് നേടിയെന്ന് തോന്നിച്ച നിമിഷങ്ങൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ സാമുവൽ ഖ്യെൻഷിയുടെ തകർപ്പൻ ഒരു ഫ്രീകിക്ക് പോസ്റ്റിൽ കൊണ്ടു മടങ്ങി. ബംഗ്ലാദേശ് താരം മുജീബ്റഹ്മാൻറെ ശ്രമം ധീരജ് മുന്നിലേക്ക് കയറി തടുത്തു. ഒടുവിൽ ഇന്ത്യ കാത്തിരുന്ന ഗോൾ എത്തി. ക്രോസ് നിയന്ത്രിച്ചു ബോക്സിലേക്ക് കടന്ന ബ്രൈസ് മിറാണ്ടയെ എതിർ താരം വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്ക് എടുത്ത ഛേത്രിയെ തടയാൻ കീപ്പർ ഡൈവ് ചെയ്തെങ്കിലും പന്ത് കൃത്യമായി വലയിൽ പതിക്കുക തന്നെ ചെയ്തു. 85ആം മിനിറ്റിലാണ് ഗോൾ പിറന്നത്. അവസാന നിമിഷങ്ങളിൽ ബംഗ്ലാദേശിന്റെ സമനില ഗോളിനായുള്ള ശ്രമങ്ങളും വിഫലമായതോടെ ഇന്ത്യ നിർണായക ജയം കരസ്ഥമാക്കി.