അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഇന്ത്യ ആദ്യ 45 മിനുട്ടിൽ തന്നെ ചരിത്രം രചിച്ചേനെ. ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് എയിലെ നിർണായക രണ്ടാം മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ യു എ ഇ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് വിശ്വസിക്കാൻ കഴിയില്ല. ആദ്യ പകുതി ഇന്ത്യയുടേത് മാത്രം ആകുമായിരുന്നു. അത്രയ്ക്ക് മികച്ച മൂന്ന് അവസരങ്ങളാണ് ഇന്ത്യക്ക് ആദ്യ പകുതിയിൽ തന്നെ ലഭിച്ചത്. പക്ഷെ യു എ ഇ ഗോൾ കീപ്പറുടെ രണ്ട് സേവുകളും നമ്മുടെ ഫിനിഷിംഗും യു എ ഇയെ രക്ഷിച്ചു. അവർക്ക് കിട്ടിയ ഏക അവസരം അവർ മുതലെടുക്കുകയും ചെയ്തു.
മാറ്റങ്ങൾ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഇന്ന് മികച്ച രീതിയിലാണ് തുടങ്ങിയത്. തായ്ലാന്റിനെതിരെ എവിടെ നിർത്തിയോ അവിടെ ഇന്ത്യ തുടങ്ങി. മികച്ച പ്രസിംഗ് ആണ് തുടക്കം മുതൽ ഇന്ത്യ നടത്തിയത്. കളിയിലെ ആദ്യ അവസരം ആഷിഖ് കുരുണിയനായിരുന്നു ലഭിച്ചത്. ഛേത്രിയുടെ പ്രസിംഗിൽ നിന്ന് ലഭിച്ച പന്ത് ഒട്ടും താമസിക്കാതെ ഒരു പാസിലൂടെ ഛേത്രി ആഷിഖിൽ എത്തിച്ചു. പക്ഷെ ആഷിഖിന്റെ ഇടം കാലൻ ഷോട്ട് ഒരു വേൾഡ് ക്ലാസ് സേവിലൂടെ ഖാലിദ് എസ്സ രക്ഷിച്ചു.
കളിയിലെ രണ്ടാമത്തെ അവസരം സുനി ഛേത്രിയുടെ മുന്നിൽ ആണ് വന്നത്. ഒരു എണ്ണം പറഞ്ഞ ക്രോസ് വലതു വിങ്ങിൽ നിന്ന് വന്നു. യു എ ഇ സെന്റർ ബാക്കുകളെ മറികടന്ന് ഛേത്രി ചെയ്ത ഹെഡർ പക്ഷെ ഗോൾകീപ്പർക്ക് നേരെ ആയിപ്പോയി. ഈ രണ്ട് അവസരങ്ങളും മറ്റിരു ദിവസമാണെങ്കിൽ ഗോളാകുമെന്ന് ഉറപ്പുള്ള അവസരങ്ങൾ ആയിരുന്നു.
ഛേത്രിയും ആഷിഖും യു എ ഇ ഡിഫൻസിനെ നിരന്തരം ബുദ്ധിമുട്ടിച്ചപ്പോൾ മറുവശത്ത് ഇന്ത്യൻ ഡിഫൻസിനെ കാര്യമായി പേടിപ്പിക്കാൻ യു എ ഇയുടെ പേരുകേട്ട ടീമിനായില്ല. പക്ഷെ ആദ്യ പകുതിയുടെ അവസാനം ഇന്ത്യക്ക് പിഴച്ചു. അനസ് യു എ ഇയുടെ അറ്റാക്കറുടെ കുതിപ്പ് തടയാൻ മടിച്ചത് ഇന്ത്യക്ക് വിനയായി. അവസരം മുതലെടുത്ത് കഫ്ലാൻ മുബാറക്കിലൂടെ യു എ ഇ മുന്നിൽ എത്തി. ആ ഗോൾ ഇന്ത്യയെ ഞെട്ടിച്ചു. അത് കഴിഞ്ഞ അടുത്ത നിമിഷം ഛേത്രിക്ക് ഒരു അവസരം കൂടി കിട്ടിയെങ്കിലും അതും മുതലെടുക്കാൻ ഇന്ത്യക്കായില്ല.