ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും. താരങ്ങളുടെയും സ്റ്റാഫുകളുടെയും കൊറോണ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെയാണ് ഫുട്ബോൾ പുനരാരംഭിക്കാൻ ചൈനീസ് ഗവണ്മെന്റ് പച്ചക്കൊടി കാണിച്ചത്. ഇന്നലെ നടത്തി 1870 ടെസ്റ്റുകൾക്കാണ് പരിശോധന ഫലം നെഗറ്റീവ് ആയി വന്നത്. ശനിയാഴ്ച ആദ്യ മത്സരത്തിൽ കന്നവാരോയുടെ ടീമും നിലവിലെ ചാമ്പ്യന്മാരുമായ ഗുവാങ്സൊ എവർഗ്രൻഡെ ഷാങ്ഹായ് ഷെൻഹുവയെ നേരിടും.
ഫെബ്രുവരിയിൽ തുടങ്ങേണ്ട ലീഗാണ് ഇത്ര വൈകി ആരംഭിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന ലീഗിന്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായാണ് നടക്കുന്നത്. 8 ടീമുകൾ ഡലിയനിലും 8 ടീമുകൾ സുസോയിലും നിന്നാണ് കളിക്കുന്നത്. താരങ്ങൾക്കും സ്റ്റാഫുകൾക്കും അടുത്ത രണ്ട് മാസക്കാലം അവരുടെ കുടുംബങ്ങളെ പോലും കാണാൻ അനുമതിയില്ല. ഒരോ ആഴ്ചയിലും കൊറോണ ടെസ്റ്റും നടത്തേണ്ടതുണ്ട്. സ്റ്റേഡിയങ്ങളിൽ ആരാധകർ ഇല്ലാതെയാണ് മത്സരം നടക്കുക.