സർദാർ അസ്മൗൺ കൊടുങ്കാറ്റായി, ചൈന വന്മതിൽ ഇടിച്ചുപൊളിച്ച് ഇറാൻ സെമിയിൽ

- Advertisement -

ഏഷ്യൻ കപ്പ് കിരീടം എന്ന ലക്ഷ്യത്തോട് അടുത്ത് ഇറാൻ. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ ചൈനയെ എളുപ്പത്തിൽ മറികടന്നാണ് ഇറാൻ സെമി ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇറാന്റെ വിജയം. യുവ സ്ട്രൈക്കർ സർദാർ അസ്മൗന്റെ തകർപ്പൻ പ്രകടനമാണ് ഇറാനെ സെമിയിൽ എത്തിച്ചത്. അസ്മൗന്റെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കണ്ടത്.

ഒരു ഗോൾ നേടുകയും ഒരു ഗോൾ ഒരുക്കുകയും ചെയ്തത് അസ്മൗൺ ആയിരുന്നു. 18ആം മിനുട്ടിൽ തരേമി ആണ് ഇറാനെ ആദ്യം മുന്നിൽ എത്തിച്ചത്. ചൈന ഡിഫൻഡറെ ഫിസിക്കൽ ആയി ചലഞ്ച് ചെയ്ത് പന്ത് സ്വന്തമാക്കി ഒരു നല്ല പാസും കൊടുത്ത് അസ്മൗനാണ് ആ തരേമി ഗോളിന് വഴി ഒരുക്കിയിരുന്നത്. ആദ്യ പകുതിയിൽ തന്നെ ഒരു മികവാർന്ന ഗോളും അസ്മൗണ് നേടി. അസ്മൗന്റെ ഇറാനായുള്ള 28ആം ഗോളായിരുന്നു ഇത്.

കളിയുടെ അവസാന നിമിഷം സബ്ബായി എത്തിയ അനസരിഫാദ് ആണ് ഇറാന്റെ മൂന്നാം ഗോൾ നേടിയത്. സെമി ഫൈനലിൽ ജപ്പാനെ ആകും ഇറാൻ നേരിടുക. വൈകിട്ട് നടന്ന മത്സരത്തിൽ വിയറ്റ്നാമിനെ തോൽപ്പിച്ചാണ് ജപ്പാൻ സെമി ഫൈനൽ ഉറപ്പിച്ചത്.

Advertisement