ലീഡ്സ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് വിജയിച്ച് ആഴ്സണൽ ഒന്നാം സ്ഥാനത്ത് എത്തി. അവിശ്വസനീയമായ പ്രകടനത്തിലൂടെ ജൂറിയൻ ടിംബർ രണ്ട് ഗോളുകൾ നേടി. കൂടാതെ പുതിയ സ്ട്രൈക്കർ ഗ്യോക്കറസും 2 ഗോളുകൾ നേടി. ബുക്കായോ സാക്കയും ആഴ്സണലിനായി ഗോൾ നേടി.

കളിയുടെ തുടക്കം മുതൽ തന്നെ ആഴ്സണലിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. സെറ്റ് പീസിൽ നിന്നാണ് ടീം ആദ്യ ഗോൾ നേടിയത്. ഡെക്ലാൻ റൈസിന്റെ കോർണറിൽ നിന്ന് ജൂറിയൻ ടിംബർ കൃത്യമായ ഹെഡറിലൂടെ ആദ്യ ഗോൾ നേടി. പിന്നാലെ സാക്ക മനോഹരമായ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ ലീഡ് ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്യോകെറസ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി. ടിംബർ തന്റെ രണ്ടാമത്തെ ഗോൾ കൂടി നേടിയതോടെ ആഴ്സണലിന്റെ വിജയം ഉറപ്പായി. അവസാനം പെനാൽറ്റിയിലൂടെ ഗ്യോകറസ് വിജയം പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം വിജയത്തോടെ ആറ് പോയിന്റുകളാണ് ആഴ്സണലിനുള്ളത്.
മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് തീർത്തും നിറം മങ്ങി. ഡാനിയൽ ഫാർക്കെയുടെ ടീമിന് ആഴ്സണലിന്റെ പ്രകടനത്തിനൊപ്പം എത്താൻ കഴിഞ്ഞില്ല. കൂടാതെ പ്രതിരോധത്തിലെ പിഴവുകളും അവർക്ക് തിരിച്ചടിയായി.