ലണ്ടൻ: ആഴ്സണൽ ആരാധകർക്ക് നിരാശ. അവരുടെ ഫോർവേഡ് താരം കായ് ഹാവെർട്‌സിന് (Kai Havertz) വീണ്ടും പരിക്ക്. കഴിഞ്ഞ സീസണിൽ ഹാമ്സ്ട്രിങ് പരിക്ക് കാരണം ബുദ്ധിമുട്ടിയ ജർമ്മൻ ഇന്റർനാഷണലിന്, ഇപ്പോൾ കാൽമുട്ടിനേറ്റ പരിക്കാണ് പ്രശ്നമായത്. പരിക്കിന്റെ മുഴുവൻ വ്യാപ്തിയും പ്രവചിക്കാൻ കഴിയില്ലെന്നും താരം എത്രനാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ക്ലബ് അറിയിച്ചു.
ഈ പരിക്ക് മിഖായേൽ അർട്ടെറ്റയുടെ ടീമിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. പുതിയ സൈനിങ് ആയ വിക്ടർ ഗ്യോക്കറസ് (Viktor Gyokeres) മാത്രമാണ് ഇപ്പോൾ ടീമിലുള്ള പൂർണ്ണ ആരോഗ്യമുള്ള സ്‌ട്രൈക്കർ. ലിയാൻഡ്രോ ട്രോസാർഡും (Leandro Trossard) മിഖായേൽ മെറീനോയും (Mikel Merino) ബാക്കപ്പ് റോളുകളിൽ ഇടംപിടിക്കുന്നു. ഗബ്രിയേൽ ജീസസ് (Gabriel Jesus) ഇപ്പോഴും ദീർഘകാല പരിക്കിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ്.
ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 1 വരെ തുറന്നിരിക്കുന്നതിനാൽ മറ്റൊരു ഫോർവേഡിനായുള്ള തിരച്ചിൽ ആഴ്‌സണൽ ശക്തമാക്കി.