പ്രീമിയർ ലീഗ്: ബ്രൈറ്റണെ വീഴ്ത്തി ആഴ്സണൽ വീണ്ടും ഒന്നാമത്

Newsroom

Resizedimage 2025 12 27 22 26 05 1


എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആഴ്സണൽ. ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി അഴ്സണൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നാലെ തന്നെയുള്ളതിനാൽ കിരീടപ്പോരാട്ടം അതീവ ആവേശകരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.

1000395087

നായകൻ മാർട്ടിൻ ഒഡെഗാർഡിന്റെ തകർപ്പൻ ഗോളും ബ്രൈറ്റൺ താരം ജോർജീനിയോ റൂട്ടറുടെ സെൽഫ് ഗോളുമാണ് അഴ്സണലിന് തുണയായത്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അഴ്സണൽ 14-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ബുക്കായോ സാക്ക നൽകിയ പാസ് സ്വീകരിച്ച് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഒഡെഗാർഡ് തൊടുത്ത ലോ ഷോട്ട് ബ്രൈറ്റൺ ഗോൾകീപ്പറെ കീഴടക്കി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ബ്രൈറ്റണ് ഒരു ഷോട്ട് പോലും ഉതിർക്കാൻ അനുവദിക്കാത്ത വിധം ശക്തമായ പ്രതിരോധമാണ് ഗണ്ണേഴ്സ് കാഴ്ചവെച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റൺ താരം റൂട്ടറുടെ തലയിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെ അഴ്സണൽ ലീഡ് രണ്ടാക്കി ഉയർത്തി.


എന്നാൽ പോരാട്ടം അവസാനിപ്പിക്കാൻ ബ്രൈറ്റൺ തയ്യാറായിരുന്നില്ല. 64-ാം മിനിറ്റിൽ ഡീഗോ ഗോമസ് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബ്രൈറ്റൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡേവിഡ് റായയുടെ മികച്ച സേവ് അഴ്സണലിന് മൂന്ന് പോയിന്റ് ഉറപ്പാക്കി.