ഹൃദയപൂർവ്വം അൻവർ അലി

Unais KP

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകിയ ടൂർണമെന്റായിരുന്നു 2017ലെ അണ്ടർ 17 ലോകകപ്പ്. രാജ്യം മുഴുവൻ ഫുട്ബോളിലേക്ക് ശ്രദ്ധ ചുരുക്കിയ മറ്റൊരു വേളയില്ലെന്ന് തന്നെ പറയാം. ജീക്സൺ സിംഗിന്റെ ചരിത്രപ്രാധാന്യമുള്ള ഗോളിന് പുറമെ ഒരുപിടി പ്രതീക്ഷയുണർത്തുന്ന താരങ്ങളെ കണ്ടെത്താനും ടൂർണമെന്റിനായി. അസംഖ്യം ഷോട്ടുകൾ തടുത്തിട്ട ധീരജ് സിങ്, മലയാളി താരം രാഹുൽ കെ പി തുടങ്ങിയ കുറച്ചു താരങ്ങൾ ആരാധകരുടെ മനസ്സിൽ കൂടുകെട്ടി. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടംപിടിച്ച ഉയരക്കാരനായ പ്രതിരോധ താരത്തെയും പലരും അന്നേ ശ്രദ്ധിച്ചു. അൻവർ അലിയെന്നായിരുന്നു ആ പഞ്ചാബി പയ്യന്റെ പേര്. ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞിരുന്ന ഇന്ത്യയുടെ ലോകകപ്പ് അന്തിമ സ്ക്വാഡിലേക്ക്, മിനേർവ പഞ്ചാബ് എഫ്‌സിയുടെ പ്രതിഷേധം നിമിത്തമായി ഇടംപിടിച്ച പ്രതിഭ.

Img 20220616 210227
കോമൾ തട്ടാൽ ഒഴികെ മറ്റു മിക്ക താരങ്ങളെയും പോലെ ഇന്ത്യൻ ആരോസായിരുന്നു ലോകകപ്പിന് ശേഷം അൻവറിന്റെയും തട്ടകം. ഒരു ഡവലപ്മെന്റൽ ടീം ആയിട്ടുകൂടി, പരിചയ സമ്പന്നരും വിദേശികളും അടങ്ങുന്ന ഐലീഗ് ടീമുകളോട് ആരോസ് മികച്ച പ്രകടനം കാഴ്ച വെച്ചു. ആരോസിലെ പ്രകടനത്തിൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം അൻവറിൽ സംപ്രീതരായി. ഇന്ത്യയുടെ ഭാവിയിലേക്കുള്ള വലിയ നിക്ഷേപങ്ങളിലൊന്നായി അൻവറിനെ അവരെല്ലാം നോക്കിക്കണ്ടു. ആരോസിൽ കളിച്ച രണ്ടു സീസണുകളിൽ അൻവറില്ലാത്ത ഇലവൻ അവർക്കില്ലെന്ന് തന്നെ പറയാം.
കൊട്ടിഫ് ടൂർണമെന്റിനായി സ്പെയിനിലേക്ക് പറന്ന ഇന്ത്യയുടെ അണ്ടർ 20 സംഘത്തിൽ അൻവറും ഉണ്ടായിരുന്നു. അർജന്റീനക്കെതിരായ മത്സരത്തിൽ ഇന്ത്യ 2-1 ന്റെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ, മനോഹരമായ ഫ്രീകിക്കിൽ നിന്നും വിജയഗോൾ നേടിയതും ഈ പ്രതിരോധനിരക്കാരൻ തന്നെ. തുടർന്ന് ദേശീയ സീനിയർ ടീമിന്റെ ക്യാമ്പുകളിലേക്ക് താരത്തിന് വിളിയെത്തി.

തൊട്ടടുത്ത സീസണിൽ ഇന്ത്യൻ ഫുട്ബോളിലെ നിറപ്പകിട്ടുള്ള കളിത്തട്ടകമായ ഐ എസ് എല്ലിലേക്ക് അൻവർ അലിയെത്തി. മുംബൈ സിറ്റി എഫ്‌സിയാണ് താരത്തെ സ്വന്തമാക്കിയത്. അവിടം മുതലാണ് കളി മാറിത്തുടങ്ങുന്നത്. പ്രശോഭിതമായ ഭാവി അൻവറിൽ കണ്ടവരാരും തന്നെ അവനു മുകളിൽ വട്ടമിടുന്ന കരിമേഘങ്ങളെ ശ്രദ്ധിച്ചിരുന്നില്ല. മുംബൈ ക്യാമ്പിൽ നിന്നാണ് അൻവറിന്റെ ഹൃദയരോഗം തിരിച്ചറിയുന്നത്. ഉടൻ തുടർപരിശോധനയ്ക്കും ചികിത്സകൾക്കുമായി താരം ഫ്രാൻസിലേക്ക് തിരിച്ചു. എപിക്കൽ ഹൈപ്പർ കാർഡിയോ മയോപതി എന്ന അസുഖം സ്ഥിരീകരിച്ചു കൊണ്ടാണ് അൻവർ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ഇതു കാരണമായി, ഫുട്ബോൾ കളിച്ചാൽ താരത്തിന്റെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അതിന്റെ തുടർച്ചയായി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അൻവറിന് എ ഐ എഫ് എഫ് വിലക്കേർപ്പെടുത്തി. താരം വിരമിച്ചേക്കും എന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തേക്കു വന്നുതുടങ്ങി. രാജ്യത്തിന്റെ ഭാവിതാരമായി വാഴ്ത്തപ്പെട്ടയാൾ പത്തൊമ്പതാം വയസ്സിൽ കളി നിർത്തേണ്ടി വന്നതോർത്ത് ഫുട്ബോൾ പ്രേമികൾ കഠിന ദുഃഖത്തിലമർന്നു. എന്നാൽ കീഴടങ്ങാൻ അൻവറിന് മനസ്സില്ലായിരുന്നു.
‘എനിക്ക് കളിക്കണം’ എന്ന് മാത്രമായിരുന്നു അൻവറിന്റെ ആവശ്യം. അതിന്റെ പേരിൽ കളിക്കളത്തിൽ പിടഞ്ഞു വീണാലും ക്ലബ് ഉൾപ്പടെ ആരും ഉത്തരവാദിത്തമേൽക്കേണ്ടതില്ല എന്ന് അർഥശങ്കക്കിടയില്ലാത്തവിധം അൻവർ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ആയും എഴുത്തുകളായും താരം ഈ ആവശ്യം ഉന്നയിച്ച് കൊണ്ടേയിരുന്നു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ, മെഡിക്കൽ സംവിധാനങ്ങൾ താരതമ്യേന വളരെ കുറവുള്ള പ്രാദേശിക ഫുട്ബോൾ കളിക്കേണ്ടി വരും, അതുവഴി എന്റെ ജീവൻ കൂടുതൽ അപകടത്തിലാവുകയേ ഉള്ളൂ എന്ന് അവൻ അസോസിയേഷനോട് ഉണർത്തി. കളിക്കാൻ വേണ്ടി വൈദ്യോപദേശം തേടാനും നിയമപോരാട്ടം നടത്താനും അൻവർ മുന്നിട്ടിറങ്ങി. പിന്നീട് നടന്ന മെഡിക്കൽ ടെസ്റ്റ് അനുകൂലമായതിനെ തുടർന്ന്, എ ഐ എഫ് എഫ് അന്തിമ തീരുമാനം എടുക്കുന്നത് വരെ താരത്തിന് കളിക്കാം എന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. തുടർന്ന് മുഹമ്മദൻ സ്പോർട്ടിങ് അൻവറിനെ സൈൻ ചെയ്‌തെങ്കിലും, എ ഐ എഫ് എഫിന്റെ എതിർപ്പ് കാരണം കരാർ റദ്ദാക്കപ്പെട്ടു.
Img 20220614 211357

അൻവറിനെ സൈൻ ചെയ്യാനുള്ള മുഹമ്മദൻസിന്റെ അവസരത്തിന് മാത്രമായിരുന്നു ഫൈനൽ വിസിൽ മുഴങ്ങിയത്; അൻവർ ഗെയിം അവസാനിപ്പിച്ചിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട ഹിമാചൽ ക്ലബ് ടെക്ട്രോ സ്വദേശ് എഫ്‌സി അൻവറിനെ സ്വന്തമാക്കി. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അൻവർ വീണ്ടും കളത്തിലിറങ്ങി. ശേഷം ഡൽഹി എഫ്‌സിയിൽ ഐലീഗ് രണ്ടാം ഡിവിഷൻ കളിച്ച അൻവർ, കളം വിടുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ സ്വന്തം പേരിലാക്കിയിരുന്നു. അങ്ങനെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സോഷ്യൽ മീഡിയ പേജുകളിൽ, നീണ്ട ഇടവേളയ്ക്ക് ശേഷം അൻവറിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ഐലീഗ് ക്വാളിഫയേഴ്സിലെ ടോപ് സ്‌കോറർ ആ പ്രതിരോധ ഭടനായിരുന്നു.

അങ്ങേയറ്റം സന്തോഷത്തോടെയാണ് അൻവറിന്റെ വിലക്ക് നീക്കിയ വാർത്ത ഇന്ത്യൻ ഫുട്ബോൾ ലോകം ശ്രവിക്കുന്നത്. ഇക്കഴിഞ്ഞ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ ഡൽഹി എഫ്‌സിയിൽ നിന്നും താരത്തെ എഫ്‌സി ഗോവ ലോണിൽ സ്വന്തമാക്കി. ഐ എസ് എൽ അരങ്ങേറ്റത്തിൽ തന്നെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊണ്ടാണ് അൻവർ വരവറിയിച്ചത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ച താരത്തെ ദേശീയ സീനിയർ ക്യാമ്പിലേക്ക് വിളിക്കാതിരിക്കാൻ ഇഗോർ സ്റ്റിമാചിന് കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഇക്കഴിഞ്ഞ മാർച്ചിൽ ബഹ്റൈനെതിരായ സൗഹൃദ മത്സരത്തിൽ പഞ്ചാബിന്റെ പോരാളി നീലക്കുപ്പായത്തിൽ അവതരിച്ചു. തുടർന്ന് ഇതുവരെ നടന്ന അഞ്ചു മത്സരങ്ങളിലും ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ അൻവറിനായി.
ജൂൺ 17ന് നടന്ന എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. യോഗ്യതയ്ക്ക് പുറമെ, ജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാമതെത്താനുള്ള അവസരം കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നു. ഗ്രൂപ്പിലെ താരതമ്യേന കരുത്തരായ ഹോങ്കോങ്ങിനെതിരായ ആ മത്സരത്തിൽ ഇന്ത്യ രണ്ടാം മിനിറ്റിൽ ലീഡെടുത്തപ്പോൾ, ഗോൾ നേടി പുഞ്ചിരിച്ചു കൊണ്ടോടുന്ന താരത്തിന്റെ നെഞ്ചിലെഴുതിയ നമ്പർ 19 ആയിരുന്നു. അൻവർ! ഇനിമേലിൽ കളിക്കരുതെന്ന് ഉപദേശിച്ചവരോട് മധുരതരമായ മറുപടി.

അൻവർ അലിയുടെ ഉദയത്തിലും ഉയിർത്തെഴുന്നേൽപ്പിലും നിർണായകമായ പേരുകളാണ് രഞ്ജിത്ത് ബജാജും മിനേർവ പഞ്ചാബ് എഫ്‌സിയും. അണ്ടർ 17 ലോകകപ്പ് ടീമിന്റെ പരിശീലകൻ ലൂയി നോർട്ടൻ ഡി മാറ്റോസ് അൻവറിനെ കണ്ടെത്തുന്നത് മിനേർവയുമായുള്ള ഇന്ത്യൻ ജൂനിയർ ടീമിന്റെ മത്സരത്തിൽ നിന്നാണ്. ആ മത്സരത്തിന് വഴിയൊരുക്കിയത് മിനേർവയുടെ , നാഷണൽ ടീം സെലക്ഷനെതിരായ പ്രതിഷേധവും. അസുഖം സ്ഥിരീകരിച്ചത് മുതൽ എല്ലാ അർത്ഥത്തിലുമുള്ള പിന്തുണ നൽകിയതും രഞ്ജിത്തും മിനേർവയും തന്നെ. അവരുടെ തന്നെ കീഴിലുള്ള ക്ലബുകളായ ടെക്ട്രോയിലും ഡൽഹി എഫ്‌സിയിലും കളിച്ചാണ് അൻവർ കളത്തിലേക്ക് തിരിച്ചെത്തുന്നത്. നിയമപോരാട്ടത്തിനും മുന്നിൽ നിന്നത് രഞ്ജിത്ത് ബജാജായിരുന്നു.

ഇന്ന് ഫേസ്‌ബുക്കിൽ സന്തോഷകരമായ ഒരു കാഴ്ച കണ്ടു. അൻവർ അലിക്ക് മിനേർവയിൽ സ്വീകരണമൊരുക്കിയിരിക്കുന്നു. തങ്ങളുടെ അഭിമാനപുത്രനെ എടുത്തുയർത്തുന്ന രഞ്ജിത്ത് ബജാജ്, അൻവറിന് സ്നേഹാശ്ലേഷം നൽകുന്ന ഹെന്ന സിങ്, ഓട്ടോഗ്രാഫിനും സെൽഫിക്കും തിരക്ക് കൂട്ടുന്ന മിനേർവ അക്കാദമിയിലെ കുട്ടികൾ… അൻവറിന്റെ മുഖത്തെ പുഞ്ചിരി തിരിച്ചെത്തിയിരിക്കുന്നു.
Img 20220616 210432
പന്തിനോടുള്ള പ്രണയത്താൽ ബന്ധിച്ച ഹൃദയവുമായാണ് അൻവർ ജീവിക്കുന്നത്. ഇപ്പറഞ്ഞതൊന്നും കൂടാതെയുള്ള ഒരുദാഹരണം കൂടിയുണ്ടതിന്, വർഷങ്ങൾക്ക് മുൻപ്. മിനേർവയുടെ അണ്ടർ 15 ടീമിലാണപ്പോൾ നമ്മുടെ കഥാനായകൻ. അവർക്ക് മുംബൈയിൽ വെച്ച് മത്സരമുണ്ട്. അതിന്റെ പിറ്റേദിവസം അൻവറിന്റെ മൂത്ത പെങ്ങളുടെ വിവാഹവും. വിടില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും മിനേർവ അവനെ സ്ക്വാഡിലുൾപ്പെടുത്തി. വീട്ടുപടിക്കലെത്തിയ ക്ലബിന്റെ കാറിൽക്കയറി അൻവർ മുംബൈയിലേക്ക് പറന്നു. പിറ്റേന്ന്-അതായത് കല്യാണദിവസം അതിരാവിലെ ആറുമണിക്ക് അൻവറിനെ മിനേർവ വീട്ടിൽക്കൊണ്ടുവിട്ടു.

പന്തുതട്ടുമ്പോഴാണവൻ ജീവിക്കുന്നതു തന്നെ. അവൻ കളിക്കട്ടെ; അവൻ ജീവിക്കട്ടെ.