മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു താരം കൂടെ വിവാദത്തിൽ പെട്ടിരിക്കുകയാണ്. തന്റെ മുൻ കാമുകിയെ ആക്രമിച്ച കുറ്റത്തിന് ആന്റണിക്ക് എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ബ്രസീൽ താരത്തിനെതിരെ നടപടി എടുത്തിരിക്കുകയാണ്. ബൊളീവിയയ്ക്കും പെറുവിനുമെതിരായ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ടീമിൽ നിന്ന് ആന്റണിയെ നീക്കം ചെയ്തതായി തിങ്കളാഴ്ച ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) അറിയിച്ചു.
ആന്റണിയുടെ മുൻ കാമുകി ഗബ്രിയേല കവാലിൻ നടത്തിയ ആരോപണങ്ങൾ ബ്രസീലിയൻ മാധ്യമമായ യുഒഎൽ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിൻ ആരോപിച്ചു. ഗർഭിണി ആയിരിക്കെ ആക്രമിച്ചു എന്നും കയ്യിൽ ആയത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നുൻ ഹെഡ് ബട്ട് ചെയ്തു എന്നും അവർ പരാതിയിൽ പറയുന്നു. ആന്റണി ഇത് നിഷേധിക്കുന്നു എങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ആന്റണിക്ക് പകരം ജീസുസിനെ ബ്രസീൽ സ്ക്വാഡിലേക്ക് എടുത്തിട്ടുണ്ട്.
ആന്റണിയുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റർ പോലീസും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് മാറ്റി നിർത്തേണ്ടി വന്നേക്കാം. നേരത്തെ സമാനമായ കുറ്റത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മേസൺ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്തിരുന്നു.