സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസ്ർ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങർ ആന്റണിയെ സ്വന്തമാക്കാൻ ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. മൂന്ന് വർഷം മുമ്പ് 95 ദശലക്ഷം യൂറോയ്ക്ക് അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണിക്ക് യുണൈറ്റഡിൽ ഫോം കണ്ടെത്താൻ ആയിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടര സീസണുകളിലായി 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് ആന്റണി നേടിയത്. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ താരം റയൽ ബെറ്റിസിൽ ലോണിൽ കളിച്ചിരുന്നു. അവിടെ 26 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആന്റണിക്ക് സാധിച്ചു. ഈ ലോൺ പ്രകടനം താരത്തിന് പുതിയ ഉണർവ് നൽകുകയും പുതിയ ക്ലബ്ബുകളുടെ താൽപ്പര്യം ആകർഷിക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജാവോ ഫെലിക്സ് തുടങ്ങിയ സൂപ്പർ താരങ്ങളുള്ള അൽ-നസ്ർ ആന്റണിയെ കൂടെ സ്വന്തമാക്കി സൗദി ലീഗ് കിരീടം സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. 2027 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുള്ള ആന്റണിക്ക് വേണ്ടി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്.