അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനലിൽ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങും. അൽ നസറിനൊപ്പം ഉള്ള തന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാകും റൊണാൾഡോ കളത്തിൽ ഇറങ്ങുന്നത്. ഇന്ന് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗദിയിലെ അൽ നസറിന്റെ പ്രധാന വൈരികളായ അൽ ഹിലാൽ ആകും എതിരാളികൾ. ഇന്ന് രാത്രി 8.30നാണ് മത്സരം. ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ലാത്തതിനാൽ കളി കാണാൻ സ്ട്രീമിംഗ് ലിങ്കുകളെ ആശ്രയിക്കേണ്ടി വരും.
സെമി ഫൈനലിൽ അൽ ഹിലാൽ അൽ ശബാബിനെ തോൽപ്പിച്ച് കൊണ്ടാണ് ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു അൽ ഹിലാലിന്റെ വിജയം. മിലിങ്കോവിച് സാവിച്, റൂബെൻ നെവസ്, മാൽകോൻ എന്ന് തുടങ്ങി നിരവധി വലിയ താരങ്ങൾ ഹിലാലിനൊപ്പം ഉണ്ട്. അതുകൊണ്ട് തന്നെ അൽ നസറിന് കിരീടത്തിലേക്ക് എത്തുക എളുപ്പമാകില്ല.
ഇറാഖി ക്ലബായ അൽ ഷൊർതയെ സെമിയിൽ തോൽപ്പിച്ച ശേഷമാണ് അൽ നസർ ഫൈനലിൽ എത്തിയത്. റൊണാൾഡോയുടെ ഫോമാണ് അൽ നസറിന്റെ പ്രതീക്ഷ. ടൂർണമെന്റിലെ ടോപ് സ്കോറർ ആണ് റൊണാൾഡോ ഇപ്പോൾ. മാനെയും ബ്രൊസോവിചും ഫൊഫാനയും ഇതിനകം അൽ നസർ ടീമിനൊപ്പം നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇന്ന് നല്ല ഫൈനൽ മത്സരം കാണാൻ ആകും എന്ന് തന്നെ ആണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.