റിയാദ്: സൗദി സൂപ്പർ കപ്പിൽനിന്ന് അപ്രതീക്ഷിതമായി പിന്മാറിയതിന് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) അൽ ഹിലാലിന് വിലക്കേർപ്പെടുത്തി. 2026-27 സീസണിലെ സൂപ്പർ കപ്പിൽ നിന്ന് ക്ലബിനെ വിലക്കിയതായി SAFF-ന്റെ അച്ചടക്ക സമിതി അറിയിച്ചു. കൂടാതെ 5 ലക്ഷം സൗദി റിയാൽ പിഴ ചുമത്തുകയും ഈ സീസണിലെ സൂപ്പർ കപ്പിൽ നിന്ന് ലഭിക്കുമായിരുന്ന എല്ലാ സാമ്പത്തിക നേട്ടങ്ങളും റദ്ദാക്കുകയും ചെയ്തു.

ഈ സീസണിലെ നാല് ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് ഹോങ്കോങ്ങിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ജൂലൈ 4-ന് ഫ്ലുമിനെൻസിനോട് പരാജയപ്പെട്ട് ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ, കളിക്കാരുടെ ക്ഷീണം ചൂണ്ടിക്കാട്ടിയാണ് അൽ ഹിലാൽ പിന്മാറിയത്. എന്നാൽ, ഈ നടപടി അച്ചടക്ക സമിതിയുടെ 59-3 വകുപ്പിന്റെ ലംഘനമാണെന്ന് SAFF വ്യക്തമാക്കി.
ഈ സീസണിൽ ഓഗസ്റ്റ് 20-ന് അൽ ഖ്വാദിസിയയുമായി സെമിഫൈനലിൽ ഏറ്റുമുട്ടാനിരിക്കുകയായിരുന്നു അൽ ഹിലാൽ. അൽ ഹിലാലിന് പകരം എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ അഹ്ലിയെ ഉൾപ്പെടുത്തി.
കഴിഞ്ഞ സീസണിൽ അൽ നസ്‌റിനെ തോൽപ്പിച്ച് തങ്ങളുടെ അഞ്ചാം സൂപ്പർ കപ്പ് കിരീടം നേടിയ അൽ ഹിലാലിന്, ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയാണ്.