സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ-നസറിനെ തകർത്ത് അൽ-അഹ്ലി സൗദി ചാമ്പ്യൻമാരായി. ഷൂട്ടൗട്ടിലൂടെയാണ് അൽ-അഹ്ലി സൗദിയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് അൽ-അഹ്ലി വിജയിച്ചത്.

41-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസറിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാങ്ക് കെസ്സിയുടെ ഗോളിൽ അൽ-അഹ്ലി സമനില പിടിച്ചു. 82-ാം മിനിറ്റിൽ മാഴ്സെലോ ബ്രോസോവിച്ചിന്റെ ഗോളിലൂടെ അൽ-നസർ വീണ്ടും മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ റോഡ്രിഗോ ഇബാനെസ് നേടിയ ഗോളിലൂടെ അൽ-അഹ്ലി വീണ്ടും സമനില പിടിച്ചു.
തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ അൽ-അഹ്ലി കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അവർ അഞ്ച് പെനാൽട്ടികളും ഗോളാക്കി മാറ്റിയപ്പോൾ അൽ-നസറിന് മൂന്ന് പെനാൽട്ടികൾ മാത്രമേ ഗോളാക്കാൻ കഴിഞ്ഞുള്ളൂ.