തായ്‌ലൻഡിൽ നടന്ന AFC വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യൻ സീനിയർ വനിതാ ദേശീയ ടീമിന് 50,000 യുഎസ് ഡോളർ (42ലക്ഷം രൂപ) പാരിതോഷികം നൽകുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രഖ്യാപിച്ചു.

ആതിഥേയരും ഇന്ത്യയേക്കാൾ റാങ്കിംഗിൽ മുന്നിലുള്ളവരുമായ തായ്‌ലൻഡിനെതിരെ നേടിയ 2-1ന്റെ തകർപ്പൻ വിജയമടക്കം നാല് മത്സരങ്ങളും ജയിച്ച് ബ്ലൂ ടൈഗ്രസ് ടീം ആധികാരികമായി യോഗ്യത നേടി.
മംഗോളിയക്കെതിരെ 13-0 എന്ന വമ്പൻ ജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ യോഗ്യതാ റൗണ്ട് ആരംഭിച്ചത്. തുടർന്ന് ടിമോർ-ലെസ്‌റ്റെക്കെതിരെ (4-0)യും ഇറാഖിനെതിരെ (5-0)യും ക്ലീൻ ഷീറ്റോടെ ജയം നേടിയ ശേഷം, തായ്‌ലൻഡിനെതിരായ നിർണ്ണായക വിജയത്തോടെ യോഗ്യത ഉറപ്പിക്കുകയായിരുന്നു. ഈ പ്രകടനം ഏതാനും ദിവസത്തെ തയ്യാറെടുപ്പിന്റെ ഫലമല്ലെന്നും, വർഷങ്ങളായുള്ള ഘടനാപരമായ വികസനത്തിന്റെ പ്രതിഫലനമാണെന്നും AIFF അഭിപ്രായപ്പെട്ടു.
ബ്ലൂ ടൈഗ്രസ് ടീമിന്റെ തയ്യാറെടുപ്പിൽ 53 ദിവസത്തെ ദേശീയ ക്യാമ്പും പരിശീലന മത്സരങ്ങളും ഉസ്ബെക്കിസ്ഥാനെതിരായ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ഉൾപ്പെട്ടിരുന്നു. 2026-ൽ ഓസ്ട്രേലിയയിൽ നടക്കുന്ന AFC വനിതാ ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടീമിനെ സജ്ജമാക്കുന്നതിനായി വിപുലമായ ക്യാമ്പുകളും മികച്ച നിലവാരമുള്ള മത്സരങ്ങളും ഒരുക്കാൻ AIFF പദ്ധതിയിടുന്നു.