അഫ്ദൽ, മുന്നേറ്റ നിരയിൽ ഈ ബൂട്ടുകളാണ് കേരളത്തിന്റെ ഭാവി

- Advertisement -

അഫ്ദൽ വി കെ, കേരള ഫുട്ബോളിനെ നയിക്കാൻ പോകുന്ന നാളത്തെ താരങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെ ഒരു പേര് കണ്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. എം ഇ എസ് മമ്പാട് കോളേജിന്റെ മുന്നേറ്റ നിരയിലെ കരുത്തായ അഫ്ദൽ മുത്തു ഇന്ന് എം ഇ എസ്സിൽ മാത്രം ഒതുങ്ങുന്ന താരമല്ല. കഴിഞ്ഞ മാസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കിയതിൽ അഫ്ദലിന് വലിയ പങ്കുണ്ടായിരുന്നു.

ആൾ ഇന്ത്യൻ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി അഫ്ദലിനെയാണ് തിരഞ്ഞെടുത്തത്. രണ്ട് ഹാട്രിക്കാണ് അഫ്ദൽ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിനായി നേടിയത്. ഒപ്പം ഇന്റർ യൂണിവേഴ്സിറ്റി ഫൈനലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വിജയിക്കാൻ കാരണമായ പെനാൾട്ടി നേടികൊടുത്തതും അഫ്ദലായിരുന്നു.

യൂണിവേഴ്സിറ്റിക്കായി നടത്തിയ പ്രകടനം അഫ്ദലിനെ കേരള സന്തോഷ് ട്രോഫി ടീമിൽ എത്തിച്ചു. ബെംഗളൂരുവിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ കർണാടകയ്ക്കെതിരായി അഫ്ദൽ അരങ്ങേറ്റം നടത്തി. അരങ്ങേറ്റത്തിൽ ഏഴു ഗോളുകൾക്ക് കേരളം ജയിച്ചപ്പോൾ അതിൽ രണ്ടു ഗോളുകൾ അഫ്ദലിന്റെ ബൂട്ടിൽ നിന്നായിരുന്നു. കഴിഞ്ഞ മാസം കൊച്ചിയിൽ വെച്ച് നടന്ന ഗോൾ ടൂർണമെന്റിലും അഫ്ദൽ തിളങ്ങി. എം ഇ എസ്സിനായി ഇറങ്ങിയ അഫ്ദൽ അവിടെയും ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടി.

2015ൽ ലണ്ടണിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ടാലന്റ് ഹണ്ടിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ‌ യുവതാരത്തിന്. 2012ൽ ജൂനിയ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. മുമ്പ് ഗോവയിൽ നടന്ന ഇന്ത്യൻ അണ്ടർ 19 ക്യാമ്പിലും അഫ്ദൽ ഉണ്ടായിരുന്നു. അണ്ടർ 13, അണ്ടർ 14 തലങ്ങൾ മുതൽ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.

അണ്ടർ 13 ജില്ലാ ടീമിന് കളിക്കുമ്പോൾ നിഷാദ് കോച്ചാണ് അഫ്ദലിന് ആദ്യം വഴികാട്ടുന്നത്. പിന്നീട് ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ കുഞ്ഞുമുഹമ്മദ് കെ പിയും, എം ഇ എസിൽ കോച്ച് മുതുകരാജും അഫ്ദലിനെ പരിശീലിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും കേരളാ ടീമിലും സതീവൻ ബാലനായിരുന്നു അഫ്ദലിന്റെ കോച്ച്.


മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഫ്ദൽ, അഫ്സത്തിന്റെയും മുഹമ്മദ് അഷ്റഫിന്റെയും മകനാണ്. 21കാരനായ അഫ്ദലിനെ അടുത്ത സീസണ് മുന്നേ സ്വന്തമാക്കാൻ പല ഐ ലീഗ് ക്ലബുകളും രംഗത്തുണ്ട്. കേരളത്തിന് ദേശീയ ഫുട്ബോൾ ഭൂപടത്തിൽ വീണ്ടും സ്ഥാനം കിട്ടുന്ന ഈ സമയത്ത്, ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തുന്ന ഒരു താരമായി അഫ്ദൽ സമീപഭാവിയിൽ തന്നെ ഉയരുമെന്ന് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement