2018ൽ നൈജീരിയയുടെ മൂസ ഇരട്ട ഗോളുകൾ അടിച്ച് തിളങ്ങിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങൾ പരന്ന ഒരു വാദമായിരുന്നു ആ മൂസ പണ്ട് അൽ മദീനക്കായി കേരളത്തിൽ സെവൻസ് കളിച്ച താരമാണെന്ന്. അന്ന് ഏറെ പ്രചാരണം കിട്ടിയ ആ വാർത്ത അവസാനം അൽ മദീന ക്ലബ് തന്നെ ഔദ്യോഗിക പ്രസ്താവന നടത്തിയതോടെ ആണ് അവസാനിച്ചത്. ഇന്ന് ഇതേ തരത്തിലുള്ള വേറെ ഒരു അഭ്യൂഹം ഉയരുകയാണ്.
ഇന്നലെ ബ്രസീലിനെ തോൽപ്പിച്ച ഗോൾ നേടിയ കാമറൂൺ ക്യാപ്റ്റൻ അബൂബക്കാർ പണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വേണ്ടി സെവൻസ് കളിച്ചതാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ആരോ ബ്രസീലിനെ ട്രോൾ ചെയ്യാൻ വേണ്ടി ഇറക്കിയ ഈ വാർത്ത പിന്നെ യഥാർത്ഥ കഥ പോലെ പ്രചരിക്കാൻ തുടങ്ങി. മികച്ച ക്ലബുകളുടെ ഭാഗമായി തന്റെ പ്രൊഫഷണൽ കരിയർ കൊണ്ടു പോയ അബൂബക്കർ സെവൻസ് കളിക്കാൻ എത്തി എന്നത് വ്യാജമാണ് എന്ന് ആർക്കും വിക്കിപീഡിയ നോക്കിയാൽ മനസ്സിലാവുന്ന കാര്യമായിട്ടും ഈ വാർത്ത പടർന്നു.
എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ് തന്നെ ഈ വാർത്തകൾ വ്യാജമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്.