അബ്ദുൽ റബീഹ്, ഒരു നാടിന്റെ നായകൻ

Sreenadh Madhukumar

Picsart 23 04 15 17 46 14 283
Download the Fanport app now!
Appstore Badge
Google Play Badge 1

വളരുന്ന റബീഹ്, ഉയരങ്ങളിൽ കേരളാ ഫുട്ബോൾ! സൂപ്പർ കപ്പിന്റെ പ്രൗഢോജ്വല വേദിയിൽ റബീഹ് അവതരിച്ചു. അവന്റെ നാടിനും നാട്ടുകാർക്കും മുൻപിൽ ആ രാവിന്റെ നക്ഷത്രമായി അവൻ നിറഞ്ഞു തിളങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി മുഖ്യപരിശീലകന്റെ ഏറെ വിശ്വസ്തനായ പടയാളിയായി വളർന്ന റബീഹ്, സ്വപ്നതുല്യമായിരുന്ന ഒട്ടനവധി നേട്ടങ്ങൾ കൊയ്താണ് മുന്നേറിക്കൊണ്ടിരുന്നത്.

Picsart 23 04 15 17 46 42 690

കോട്ടയ്ക്കലിൽ ജനിച്ചു വളർന്ന റബീഹ്, തന്റെ നാട്ടിൽ, തന്റെ പ്രിയപ്പെട്ടവർക്കു മുൻപിൽ അക്ഷരാർത്ഥത്തിൽ ആർത്തിരമ്പുകയായിരുന്നു! ആദ്യ മത്സരത്തിൽ ഐസാൾ എഫ് സിയെ തോൽപ്പിച്ച ഹൈദരബാദും ഒഡിഷക്കെതിരെ ഒരു ഗോളിന്റെ സമനില വഴങ്ങിയ ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിൽ താരതമ്യേന മികച്ചൊരു മത്സരം തന്നെ ആരംഭിക്കുന്നു. കളിയുടെ നാലാം മിനുട്ടിൽ മധ്യനിരയിൽ നിന്നും ക്യാപ്റ്റൻ സാർത്തക്ക് നീട്ടി നൽകിയ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു മഹേഷ്‌ സിംഗ്‌ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ശേഷം ജാവിയർ സിവേരിയൊ, വി പി സുഹൈർ, വീണ്ടും മഹേഷ്‌ സിംഗ്‌ എന്നിവരുടെ ഗോളുകളോടെ 3-1 എന്നനിലയിൽ ഒന്നാം പകുതിക്കു വിസിൽ മുഴങ്ങി. രണ്ടാം പകുതിയിൽ ജാവിയർ സിവേരിയ അടുത്ത സെറ്റ് വെടിക്കെട്ടിന് തുടക്കമിട്ടു. അങ്ങനെ ഈസ്റ്റ് ബംഗാൾ ഹൈദരബാദ് ഗോൾ വ്യത്യാസം ഒന്നായി ചുരുങ്ങി. 83 ആം മിനുട്ടിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി ഒരു മലയാളി താരത്തിന്റെ ഗോൾ വരുന്നു, അവിടെ മുതൽ പുതിയൊരു കഥയുടെ ആരംഭമാവുകയാണ്.

അന്നും, ഒരു ഹൈദരബാദ് എഫ് സി-ഈസ്റ്റ് ബംഗാൾ എഫ് സി മത്സരത്തിൽ തന്നെയായിരുന്നു ഇന്നീക്കാണുന്ന സംഭവവികാസങ്ങളുടെയൊക്കെ തുടക്കം. അതെ, 2021 ഡിസംബർ 23 നു ബാമ്പോലിമിലെ ജി എം സി സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ഹൈദരബാദ് എഫ് സി-ഈസ്റ്റ് ബംഗാൾ മത്സരത്തിൽ, അവസാന നിമിഷങ്ങളിൽ സമനിലയിൽ നിൽക്കുന്ന ടീമിന്റെ ആക്രമണം ശക്തമാക്കാൻ ഹെഡ് കോച്ച് മനോലോ മാർക്കസിന്റെ നിർദ്ദേശപ്രകാരം കളത്തിലേയ്ക്കിറങ്ങിയ ആ എഴുപത്തിയേഴാം നമ്പർ ജേഴ്സിയിട്ട കുറിയ മനുഷ്യനെ കേരളക്കര മറക്കാനിടയില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു നല്ല ക്രോസും, കുറച്ചു പാസുകളും കളിയിൽ തന്റേതായി കൂട്ടിച്ചേർത്ത അബ്‌ദുൾ റബീഹ്, തന്റെ പ്രതിഭയ്ക്കൊത്തൊരു പ്രകടനം പുറത്തെടുക്കാൻ കഴിയും മുൻപേ ഫൈനൽ വിസിൽ വഴി തിരികെ കൂടാരത്തിൽ കയറി.

Picsart 23 04 15 17 46 31 165

എന്നാൽ, അന്നുതുടങ്ങി ഇന്നോളം ലോകമെമ്പാടുമുള്ള മലയാളിമനസുകളിൽ അവന്റെ പേര് നിറയെ പതിയത്തക്കവണ്ണമവൻ കളിവിളയാട്ടം നടത്തി. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലും ഡ്യൂറണ്ട് കപ്പിലും അടക്കം രാജ്യത്തെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ അവന്റെ പാദം പദിപ്പിച്ചു. ഇന്ന്, അതേ മികവോടെ സൂപ്പർ കപ്പിലും. അവന്റെ വിജയങ്ങളുടെ, നേട്ടങ്ങളുടെ, സ്വപ്നങ്ങളുടെ, വിയർപ്പിന്റെ, വീഴ്ചകളുടെ, ഉയർത്തെഴുനേല്പിന്റെ കഥ തുടരുകയാണ്.

മലപ്പുറം കോട്ടയ്ക്കലിൽ അബ്‌ദുൾ കരീം, റസിയ ദമ്പതികളുടെ അഞ്ചു മക്കളിൽ ഒരാളായി ജനിച്ച റബീഹ്, റോഹൂഫ്, റാഷിക്ക്, റംഷീക്ക്, അൻഷിദ് എന്നീ സഹോദരന്മാരിൽ ഫുട്‌ബോളിനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ചേട്ടൻ റാഷിക്കിന്റ പിന്തുണയോടെയാണ് ഫുടബോൾ കളിച്ചു തുടങ്ങിയത്. മലപ്പുറം എം എസ് പിയിൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ കാൽപന്തിൽ തന്റെ ഭാഗ്യപരീക്ഷണം റബീഹ് പയറ്റിനോക്കി. ആദ്യ വർഷം തന്നെ അണ്ടർ പതിനാല് വിഭാഗത്തിൽ ഓൾ ഇന്ത്യ കളിക്കാൻ പോവുകയും സംസ്ഥാന വിജയികളാവുകയും ചെയ്ത ടീമിൽ ഉൾപ്പെട്ട താരത്തിനു പിന്നീട് പത്താം തരത്തിൽ എത്തിയപ്പോൾ തന്നെ ബംഗളൂരു എഫ് സിയിൽ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചു, അവിടെ നിന്നും ഐ ലീഗ് സെമിയിൽ തന്റെ ടീം കടക്കുമ്പോൾ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി റബീഹ്.

റബീഹ് 23 04 15 17 47 09 186

രണ്ടു വർഷം അവിടെ തുടർന്ന താരം പ്ലസ് വൺ പഠനത്തിനായി തിരിച്ച് എം എസ് പിയിൽ ചേർന്നു. അവിടെ നിന്നും റിലയൻസ് ഫൗണ്ടേഷൻ ഓൾ ഇന്ത്യ റണ്ണേഴ്‌സ് ആവുകയും അതേ വർഷം എം എസ് പി ഓൾ ഇന്ത്യ ഐ ലീഗ് ഫൈനൽ റൗണ്ടിൽ പുണെ എഫ് സി, മിനർവ പഞ്ചാബ്, റിയൽ കശ്മീർ എന്നീ ടീമുകൾക്കെതിരെ താരം കളിച്ചു. കളിയുടെ നിലവാരം കൊണ്ടുതന്നെ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട് അവരുടെ അണ്ടർ പതിനെട്ട് ടീമിൽ എത്തിച്ചു. അവിടെ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ കടന്ന താരം അവിടെയും കളി മികവ് തുടർന്നു.

ഇടക്കാലത്തു ലൂക്കാ സോക്കർ ക്ലബ്ബിലും മറ്റും കളിച്ച താരം തന്റെ പ്രധാനമുന്നേറ്റങ്ങളുടെ മധുരം നുണഞ്ഞത് ഹൈദരാബാദിന്റെ മഞ്ഞ കുപ്പായത്തിലാണ്. ഷമീൽ ചെമ്പകത്ത് ടീമിലെത്തിച്ച ഈ പയ്യൻ, ആ ടീമിനെയും അവരുടെ ആരാധകരേയും ഇന്നോളം നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈസ്റ്റ് ബംഗാളിനെതിരെ തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം നടത്തിയ റബീഹ്, ഇപ്പോൾ അതേ കൊൽക്കത്ത വമ്പൻമാർക്കെതിരെ തന്നെ തന്റെ സീനിയർ ടീമിനായുള്ള ആദ്യ ഗോൾ കണ്ടെത്തുന്നു. കാലം കാത്തുവച്ച മറ്റൊരു സർപ്രൈസ് എന്നപോലെ.