ഹൈദരാബാദ് എഫ്‌സിയുടെ മലയാളി വിങ്ങർ അബ്ദുൾ റബീഹ്, 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ എഫ്‌സി ഗോവയിൽ ചേരാനൊരുങ്ങുന്നു എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദ് എഫ്‌സിയുമായുള്ള കരാർ റദ്ദാക്കിയ റബീഹ് ഇപ്പോൾ ഒരു ഫ്രീ ഏജന്റാണ്. പരിശീലകൻ മനോലോ മാർക്കേസിന്റെ കീഴിലുള്ള എഫ്‌സി ഗോവ കുറച്ചുകാലമായി റബീഹിനെ പിന്തുടരുകയായിരുന്നു.

വൈദ്യപരിശോധനകൾക്ക് ശേഷം താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 യോഗ്യതാ റൗണ്ടിലെ വിജയത്തിന് പിന്നാലെ, ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എഫ്‌സി ഗോവയുടെ ഈ നീക്കം.
ബംഗളൂരു എഫ്‌സി അണ്ടർ-16, കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമുകൾ എന്നിവിടങ്ങളിലൂടെ കടന്നുവന്ന താരം 2021-ലാണ് ഹൈദരാബാദ് എഫ്‌സിയിൽ ചേരുന്നത്. ഹൈദരാബാദിനായി 72 മത്സരങ്ങളിൽ കളിച്ച റബീഹ് ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 24 വയസ്സുള്ള റബീഹ്, മുൻ പരിശീലകൻ മാർക്കേസുമായി വീണ്ടും ഒന്നിക്കുമ്പോൾ, എഫ്‌സി ഗോവയുടെ മുന്നേറ്റനിരയിൽ വേഗതയും ക്രിയേറ്റിവിറ്റിയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.