ഫുട്ബോൾ ലോകത്തിന് സങ്കടകരമായ വാർത്തയാണ് കൊറിയയിൽ നിന്ന് വരുന്നത്. മുൻ ദക്ഷിണ കൊറിയൻ താരമായ യൂ സാങ് ചുൽ മരണപ്പെട്ടിരിക്കുകയാണ്. കാൻസർ രോഗത്തിനു മുന്നിൽ 49ആം വയസ്സിൽ അദ്ദേഹം കീഴടങ്ങുകയായിരുന്നു. സിയോളിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് യൂവിന്റെ അന്ത്യം. 2002 ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയ ദക്ഷിണ കൊറിയൻ ടീമുന്റെ അവിഭാജ്യ ഘടകമായിരുന്നു യൂ.
മധ്യനിര താരമായ യൂ 2002 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെ ഗോൾ നേടിയിരുന്നു. ആ ലോകകപ്പിനു ശേഷം അദ്ദേഹം ഫിഫയുടെ ലോക ഇലവനിൽ ഇടം നേടിയിരുന്നു. 1998 ലോകകപ്പിലും യൂ ഗോൾ നേടിയിരുന്നു. ജപ്പാനിലും കൊറൊയയിലും ആയിരുന്നു യൂവിന്റെ ക്ലബ് കരിയർ. കൊറിയക്ക് വേണ്ടി 125 മത്സരങ്ങൾ താരം കളിച്ചിരുന്നു. വിരമിച്ച ശേഷം അദ്ദേഹം പരിശീലകനായും കുറച്ച് കാലം പ്രവർത്തിച്ചു. രണ്ട് വർഷം മുമ്പ് ഇഞ്ചിയോൺ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നതിന് ഇടയിലാണ് ക്യാൻസർ രോഗം കണ്ടെത്തുന്നത്.













