കവരത്തി : ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് കവരത്തി ഹയർസെക്കൻഡറി സ്‌കൂൾ 17 വയസ്സിന് താഴെയുള്ളവരുടെ ലക്ഷദ്വീപ് സുബ്രതോ മുഖർജി യോഗ്യതമത്സരങ്ങളിൽ ജേതാക്കൾ ആയി. ഇതോടെ അന്തർദേശീയ സ്‌കൂൾ ടൂർണമെന്റ് ആയ സുബ്രതോ മുഖർജിയിൽ ലക്ഷദ്വീപിനെ കവരത്തി ഹയർസെക്കൻഡറി സ്‌കൂൾ പ്രതിനിധീകരിക്കും. രണ്ടാം പകുതിയിൽ ജേഴ്സി നമ്പർ 13 മുഹമ്മദ് ഹിസാൻ നേടിയ ഇരട്ടഗോളുകൾ ആണ് കവരത്തിക്ക് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആന്ത്രോത്ത് വല കുലുക്കിയ ഹിസാൻ 62 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും നേടി. നന്നായി പൊരുതിയ ആന്ത്രോത്തിനു മുന്നിൽ വമ്പൻ മതിലായി കവരത്തി ഗോൾ കീപ്പർ ഷാക്കിർ ഹുസൈൻ ഉയർന്നു നിന്നപ്പോൾ മത്സരം കവരത്തിക്ക് സ്വന്തം.
ടൂർണമെന്റിൽ ഉടനീളം കവരത്തിക്കായി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഹിസാൻ ആണ് ടൂർണമെന്റിലെ മികച്ച താരം. 7 ഗോളുകൾ നേടിയ അമിനിയുടെ സഫിയുള്ള കെ.സി ടോപ്പ് സ്‌കോറർ ആയപ്പോൾ കവരത്തി ഗോൾകീപ്പർ ഷാക്കിർ ഹുസൈൻ മികച്ച ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇത് വരെ സ്വന്തം ദ്വീപിനായി ആവേശത്തോടെ കയ്യടിച്ച ലക്ഷദ്വീപുകാർക്ക് ഇനി സുബ്രതോയിൽ ഒരു ടീം മാത്രം. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി സുബ്രതോ മുഖർജി, ബി.സി റോയി തുടങ്ങിയ സ്‌കൂൾ ടൂർണമെന്റുകളിൽ ദേശീയതലത്തിൽ മികച്ച പ്രകടനം നടത്തുന്ന ലക്ഷദ്വീപ് ആ പെരുമ നിലനിർത്താൻ ആവും സുബ്രതോ മുഖർജിയിൽ പങ്കെടുക്കാൻ കപ്പൽ കയറുക.