എക്കാലത്തെയും ഉയർന്ന വരുമാനവുമായി എംബാപ്പെ…??? നിഷേധിച്ച് പിഎസ്ജി

20221024 205307

സുപ്പർ താരം കിലിയൻ എംബാപ്പെയെ ഏതു വിധേനയും ടീമിൽ നിലനിർത്താൻ പിഎസ്ജി വമ്പൻ നീക്കങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. താരത്തിന്റെ വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കിയ പുതിയ കരാറിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ “ലെ പാരീസിയെൻ” പുറത്തു വിട്ടത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കായിക ലോകം. കാരണം മറ്റൊന്നുമല്ല, ഈ വിവരങ്ങൾ ശരിയാണെങ്കിൽ ലോകത്തെ എക്കാലത്തെയും ഉയർന്ന വരുമാനം നേടുന്ന കായിക താരമായി എമ്പാപ്പെ മാറിയിട്ടുണ്ട് എന്ന് തന്നെ. മൂന്ന് വർഷത്തേക്ക് അറുന്നൂറ് മില്യൺ യൂറോ ആണത്രേ പിഎസ്ജി എമ്പാപ്പെക്ക് നൽകേണ്ടി വരിക.

20220907 020223

ലെ പാരിസിയൻ പുറത്തു വിട്ട വിവരങ്ങൾ ഇങ്ങനെ; രണ്ടു വർഷത്തെ അടിസ്ഥാന കരാർ ഒരു വർഷത്തേക്ക് കൂടി അധികരിപ്പിക്കാവുന്ന രീതിയിലും ആണ്. പക്ഷെ എമ്പാപ്പെ മനസ് വെച്ചാൽ മാത്രമേ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയൂ. കരാർ ഒപ്പിടുന്നതിനുള്ള സൈനിങ്-ഓൺ ബോണസ് 180 മില്യൺ യൂറോ..!!!. ഇത് മൂന്ന് ഘടുക്കൾ ആയി ഓരോ വർഷവും നൽകും. ഇനി നേരത്തെ ടീം വിടാൻ ആണ് താരത്തിന്റെ പദ്ധതി എങ്കിൽ ഈ തുക മുഴുവനായി എമ്പാപ്പെക്ക് നൽകാനും ക്ലബ്ബ് ബാധ്യസ്ഥരാണ്. ആറു മില്യൺ യൂറോയോളമാണ് മാസവരുമാനം. ഇത് കൂടാതെ സീസണിന് അവസാനം ടീമിൽ തന്നെ തുടരുന്നുണ്ടെങ്കിൽ എഴുപത് മില്യൺ “ലോയൽറ്റി ബോണസ്”. ടീമിൽ തുടരുന്ന മുറക്ക് ഓരോ സീസണിലും ഇതിൽ പത്ത് മില്യണിന്റെ വർധനവും ഉണ്ടാവും. ടീമിന്റെ മൊത്തം ബഡ്ജറ്റിന്റെ നാലിൽ ഒന്ന് വരും ആകെ എമ്പാപ്പെക്ക് വേണ്ടി ചിലവാക്കുന്ന തുക എന്നാണ് കാണക്ക്.

എന്നാൽ പിഎസ്ജി ഈ വാർത്തകൾ പൂർണമായും തള്ളിയിട്ടുണ്ട്. വർത്തയിലെ എല്ലാ വിവരങ്ങളും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പിഎസ്ജി “ലെ പാരിസിയെൻ” ന്യൂസിനോട് പ്രതികരിച്ചത്. പക്ഷെ ആകാശമുട്ടേയുള്ള വരുമാനത്തിന്റെ വാർത്തകൾ കാട്ടു തീ പോലെ പടർന്ന് കഴിഞ്ഞു. ക്ലബ്ബ് നിയമനടപടികളിലേക്ക് വരെ നീങ്ങിയേക്കും എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം പിഎസ്ജിക്ക് കഴിഞ്ഞ സീസണിൽ മുന്നൂറ്റിയൻപത് മില്യൺ യൂറോയോളം നഷ്ടമാണ് ആകെ വരുമാനത്തിൽ ഉണ്ടായത് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പുറമെ എമ്പാപ്പെയുടെ കരാർ കൂടി ആവുമ്പോൾ എവിടെയാണ് ഫ്രഞ്ച് ടീമിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെന്നതാണ് ചോദ്യം. ഇനി പിഎസ്ജിക്കുള്ളിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.