ഫോര്‍മാറ്റ് മാറി ഫലം മാറിയില്ല!!! ഏകദിനത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‍വേ

ബംഗ്ലാദേശ് നേടിയ 303 റൺസ് അനായാസം മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയും ഇന്നസന്റ് കൈയയും ചേര്‍ന്ന് നേടിയ തകര്‍പ്പന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ  10 പന്തുകള്‍ അവശേഷിക്കവെയാണ് സിംബാബ്‍വേയുടെ വിജയം.

ചേസിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 6 റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും വെസ്‍ലി മാധവേരെയും(19) ഇന്നസന്റ് കൈയയും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

അവിടെ നിന്ന് സിംബാബ്‍വേയുടെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ഇന്നസന്റും – സിക്കന്ദര്‍ റാസയും ചേര്‍ന്ന് 192 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 110 റൺസ് നേടിയ കൈയ പുറത്തായ ശേഷം ലൂക്ക് ജോംഗ്വേയെ(24) കൂട്ടുപിടിച്ച് സിക്കന്ദര്‍ റാസ ടീമിനെ മുന്നോട്ട് നയിച്ചു.

നാലാം വിക്കറ്റിൽ 42 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ പുറത്താകാതെ 135 റൺസുമായി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 81 റൺസ് നേടിയെങ്കിലും താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. തമീം ഇക്ബാൽ(62) അനാമുള്‍ ഹക്ക്(73), മുഷ്ഫിക്കുര്‍ റഹിം(52*), മഹമ്മുദുള്ള(20*) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 303 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ 119 റൺസാണ് തമീം ലിറ്റൺ കൂട്ടുകെട്ട് നേടിയത്.