ടി20 പരമ്പര കൈവിട്ടതിന് ശേഷം ഏകദിന പരമ്പരയും കൈവിട്ട് ബംഗ്ലാദേശ്. സിംബാബ്‍വേ ആകട്ടെ 2013ന് ശേഷം ഇതാദ്യമായി ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര വിജയം കുറിയ്ക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 290/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വേ ലക്ഷ്യം മറികടന്നു.
സിക്കന്ദര്‍ റാസയും റെഗിസ് ചകാബ്‍വയും നേടിയ ശതകങ്ങളാണ് സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 201 റൺസാണ് നേടിയത്. ചകാബ്‍വ 75 പന്തിൽ 102 റൺസ് നേടി പുറത്തായപ്പോള്‍ സിക്കന്ദര്‍ റാസ 117 റൺസുമായി പുറത്താകാതെ നിന്നു. 16 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന ടോണി മുന്‍യോംഗയും സിംബാബ്‍വേയുടെ വിജയം എളുപ്പത്തിലാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മഹമ്മുദുള്ള(80*), തമീം ഇക്ബാൽ(50), അഫിഫ് ഹൊസൈന്‍(41), നസ്മുള്‍ ഹൊസൈന്‍ ഷാന്റോ(38) എന്നിവരാണ് റൺസ് കണ്ടെത്തിയത്. റാസ മൂന്ന് വിക്കറ്റ് നേടി.














