ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പുതിയ പരിശീലകനായി സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സിദാനുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ഫോണിൽ സംസാരിച്ചു എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒലെയെ അടുത്ത് തന്നെ യുണൈറ്റഡ് പുറത്താക്കും എന്നും പകരക്കാരനായി യുണൈറ്റഡ് അന്വേഷിക്കുന്ന പരിശീലകന്മാരിൽ ഏറ്റവു മുന്നിൽ ഉള്ളത് സിദാൻ ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ റയൽ മാഡ്രിഡ് താരങ്ങളായ റൊണാൾഡോയുടെയും വരാനെയുടെയും സാന്നിദ്ധ്യം സിദാനെ യുണൈറ്റഡ് പരിഗണിക്കാൻ ഉള്ള കാരണമായി പറയുന്നു. സിദാൻ ഇരുവരെയും പരിശീലിപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നു. റയൽ മാഡ്രിഡ് വിട്ട ശേഷം ഒരു പരിശീലക ഉത്തരവാദിത്വവും സിദാൻ ഏറ്റെടുത്തിട്ടില്ല. അടുത്ത ലോകകപ്പിനു ശേഷം ഫ്രാൻസിന്റെ പരിശീലകനായി സിദാൻ എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനു മുമ്പ് സിദാനെ എത്തിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. യുണൈറ്റഡ് കോണ്ടെയെ പരിശീലകനായി എത്തിക്കണം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഒലെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് കൈവിടില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.