സിദാന്റെ റയൽ മാഡ്രിഡിൽ നിന്നുള്ള വിടപറയലിൽ നിന്ന് ഇപ്പോഴും റയൽ മാഡ്രിഡ് കരകയറിയിട്ടില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ആ സിദാൻ വീണ്ടും റയൽ മാഡ്രിഡിലേക്ക് തിരികെ വരുകയാണെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് റയൽ മാഡ്രിഡ് മാനേജ്മെന്റും സിദാനും സ്പെയിനിൽ വെച്ച് കൂടികാഴ്ച നടത്തിയിരുന്നു. നാളെ തന്നെ സിദാന്റെ തിരിച്ചുവരവ് റയൽ മാഡ്രിഡ് പ്രഖ്യാപിക്കും എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിദാൻ രാജിവെച്ച ശേഷം റയൽ മാഡ്രിഡിന്റെ ചുമതലയേറ്റ ലൊപറ്റിഗിയും അതിനു ശേഷം വന്ന സൊളാരിയും ടീമിനെ പിറകോട്ടായിരുന്നു കൊണ്ടുപോയത്. ഈ സീസണിൽ ഒരു കിരീടവും ഇല്ലാതെ അവസാനിപ്പിക്കുന്ന അവസ്ഥയിലാണ് റയൽ മാഡ്രിഡ് ഉള്ളത്.
സൊളാരിയെ ഉടൻ പുറത്താക്കും എന്നുൻ അതിനൊപ്പം തന്നെ സിദാന്റെ വരവ് പ്രഖ്യാപിക്കും എന്നുമാണ് അഭ്യൂഹങ്ങൾ. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങൾ സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് നേടിയിരുന്നു.