ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങളെയും ഇന്ത്യ തോൽപ്പിച്ചു. 56 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തിരുന്നു. അത് പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ ആയുള്ളൂ. മൂന്ന് വിക്കറ്റുമായി യൂസുഫ് പഠാനും 2 വിക്കറ്റുമായി യുവരാജും ബൗളിംഗിൽ ഇന്ത്യക്കായി തിളങ്ങി. ഇരുവരും ബാറ്റു കൊണ്ടും തിളങ്ങിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നിരയിൽ വാൻ വൈക് 48 റൺസും പുറ്റിക് 41 റൺസും എടുത്ത് പുറത്തായി. ജോണ്ടി റോഡ്സ് 21 റൺസും എടുത്തു. നേരത്തെ സച്ചിൻ തെൻഡുൽക്കറുടെയും യുവരാജിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. തുടക്കത്തിൽ തന്നെ സെവാഗിനെ നഷ്ടപ്പെട്ട ഇന്ത്യയെ പതറാതെ മുന്നോട്ട് നയിച്ചത് സച്ചിന്റെ ഇന്നിങ്സ് ആയിരുന്നു.
37 പന്തിൽ 60 റൺസ് അടിക്കാൻ സച്ചിനായി. 9 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. സച്ചിനും 42 റൺസ് എടുത്ത ബദ്രിനാഥും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗിന് അടിത്തറയിട്ടു. പിന്നീട് വന്ന യുവരാജ് സിങും യൂസുഫ് പഠാനും ഗോണിയും ഒക്കെ അവസാനം വെടിക്കെട്ട് ബാറ്റിംഗ് തന്നെ നടത്തി. യുവരാജ് 22 പന്തിൽ 52 റൺസാണ് അടിച്ചത്. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നു. ഇതിൽ തുടർച്ചയായി നാലു പന്തിൽ അടിച്ച നാലു സിക്സും ഉൾപ്പെടുന്നു. യൂസുഫ് പഠാൻ 10 പന്തിൽ 23 റൺസും ഗോണി 9 പന്തിൽ 16 റൺസും എടുത്തു.