കഴിഞ്ഞ ആഴ്ച ഒരു അണ്ടർ 19 മത്സരത്തിൽ 6 ഗോളുകൾ ഡോർട്മുണ്ടിനായി നേടിയ യൂസോഫ മൗകോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയിലേക്ക് അവസാനം വരികയാണ്. അണ്ടർ 19 ടീമിനായി ആറു ഗോളുകൾ ഒരു മത്സരത്തിൽ നേടി എന്നതല്ല, തന്റെ 14ആം വയസ്സിൽ യൂസോഫ അത് നേടി എന്നതാണ് കാര്യം. വളരെ മുമ്പ് തന്നെ ഡോർട്മുണ്ട് അക്കാദമിയിൽ വാഴ്ത്തപ്പെടാൻ തുടങ്ങിയ പേരാണ് യൂസോഫയുടേത്. ഈ വർഷം മാത്രമേ താരത്തിന് അണ്ടർ 19 ടീമിൽ കളിക്കാൻ ആകു എന്നത് കൊണ്ട് മാത്രമാണ് ഇത്രകാലം കാത്തിരുന്നത് എന്നാണ് ഡോർട്മുണ്ട് പറയുന്നത്.
തന്റെ 12ആം വയസ്സിൽ അണ്ടർ 17 ടീമിനായി കളിച്ച താരമാണ് യൂസോഫ. കാമറൂൺകാരനായ യൂസോഫ ഡോർട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ആണെന്നാണ് പരിശീലകർ പറയുന്നത്. കഴിഞ്ഞ സീസണിൽ, അതായത് തന്റെ പതിമൂന്നാം വയസ്സിൽ ഡോർട്മുണ്ടിന്റെ അണ്ടർ 17 ടീമിനായി ഒരു സീസൺ മുഴുവൻ കളിച്ച യൂസേഫ 25 മത്സരങ്ങളിൽ നിന്നായി അടിച്ചു കൂട്ടിയത് 46 ഗോളുകൾ ആയിരുന്നു.
ഇതിനകം തന്നെ പ്രമുഖ സ്പോർട്സ് ബ്രാൻഡുമായി 10 മില്യന്റെ കരാറും യൂസേഫ ഒപ്പുവെച്ചു കഴിഞ്ഞു. ഇനിയും രണ്ട് സീസണുകൾ കൂടി കാത്തിരുന്നാലെ ഡോർട്മുണ്ടിന്റെ സീനിയർ ടീമിനു വേണ്ടി കളിക്കാൻ നിയപരമായി യൂസേഫയ്ക്ക് പറ്റുകയുള്ളൂ. അതിനായി കാത്തിരിക്കുകയാണ് യൂസേഫ. കാമറൂൺ സ്വദേശി ആണെങ്കിലും ജർമ്മനി താരത്തെ അവരുടെ ദേശീയ ടീമിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങളും തുടങ്ങി. ഇപ്പോൾ ജർമ്മനിയുടെ അണ്ടർ 16 ടീമിന്റെ ഭാഗമാണ് യൂസേഫ.