ബാഴ്‌സലോണ ഓപ്പണിൽ കിരീടം നേടി പതിനെട്ടുകാരനായ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ. ഇന്നലെ മഴ കാരണം മാറ്റി വച്ചു രാവിലെ നടന്ന സെമിയിൽ പത്താം സീഡ് ആയ അലക്‌സ് ഡി മിനോറിനെ മൂന്നര മണിക്കൂർ നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ആണ് അഞ്ചാം സീഡ് അൽകാരസ് ഫൈനലിൽ എത്തിയത്. അതേസമയം ഡീഗോ ഷ്വാർട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആയിരുന്നു എട്ടാം സീഡ് ആയ മറ്റൊരു സ്പാനിഷ് താരം ബുസ്റ്റ ഫൈനലിൽ എത്തിയത്.
ഫൈനലിൽ പക്ഷെ മൂന്നര മണിക്കൂർ സെമി കളിച്ചു വന്ന ക്ഷീണം ഒന്നും അൽകാരസ് പ്രകടിപ്പിച്ചില്ല. ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് അൽകാരസ് തകർക്കുക ആയിരുന്നു. 6-3, 6-2 എന്ന ഗംഭീര സ്കോറിന് ഫൈനൽ ജയിച്ച അൽകാരസ് ഇരു സെറ്റുകളിലും രണ്ടു തവണ വീതം ബ്രൈക്ക് പോയിന്റുകൾ കണ്ടത്തി. 2022 ൽ മാത്രം അൽകാരസിന്റെ മൂന്നാം കിരീടം ആണ് ഇത്. സെമിയിൽ മാച്ച് പോയിന്റ് രക്ഷിച്ചു ആണ് അൽകാരസ് ഫൈനലിൽ എത്തിയത് എന്നതും താരത്തിന്റെ പോരാട്ട വീര്യത്തിനു അടയാളമാണ്. ഭാവിയുടെ ഏറ്റവും വലിയ താരം താനാണ് എന്ന സൂചന അടിവരയിടുന്നുണ്ട് അൽകാരസ്.