വർഷങ്ങളായി ബാഴ്‌സ ഡിഫെൻസിലെ നട്ടെല്ലാണ് ജെറാർഡ് പിക്വേ. ടീം ക്യാപ്റ്റന്മാരിൽ ഒരാൾ. കളത്തിന് പുറത്തുള്ള ബിസിനസുകളിലും കേമൻ. സ്വന്തമായി ക്ലബ്ബ് വരെയുണ്ട്; എഫ്സി അണ്ടോറ. ഫ്രഞ്ച് ലീഗിന്റെ സ്പെയിനിലെ സംപ്രേഷണാവകാശം നേടിയത് പിക്വേക്ക് കൂടി ഓഹരിയുള്ള കോസ്മോസ് ഹോൾഡിങായിരുന്നു. എന്നാൽ കളത്തിന് പുറത്തുള്ള പിക്വേയുടെ കളികൾ കൂടുന്നതായി താരത്തോട് സൂചിപ്പിച്ചിരിക്കുകയാണ് സാവി. പൂർണമായും പിച്ചിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ടീമിൽ സ്ഥാനം നൽകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ബാഴ്‌സ കോച്ച്.
വ്യക്തിപരമായ പ്രശ്നങ്ങളിലും തന്റെ ബിസിനസുകളിലും കൂടുതലായി ശ്രദ്ധിച്ചത് കാരണം പിച്ചിലെ പ്രകടനത്തിലും താരത്തിന്റെ ഫിറ്റ്നെസിലും ഇത് പ്രതിഫലിച്ചതായി സാവി കരുതുന്നു.
എന്നാൽ താൻ പഴയ ഫോമിലേക്ക് തിരിച്ചു വരാൻ കഠിന പ്രയത്നം തന്നെ നടത്തുമെന്ന് കോച്ചിന് പിക്വേ വാക്ക് കൊടുത്തതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടീം വിടാനുള്ള കാര്യം പരിഗണിക്കണമെന്ന് വരെ സാവിയിൽ നിന്ന് കേട്ടതോടെ ടീമിൽ തുടരണമെങ്കിൽ അത്യധ്വാനം തന്നെ ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിൽ ആണ് പിക്വേ. പ്രസിഡന്റ് ലപോർട്ടയേയും കണ്ട് താരം ഈ കാര്യങ്ങൾ വിശദീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ കൂടിയ സോഷ്യൽ മീഡിയ ഉപയോഗം കുറക്കുമെന്നും മറ്റ് ബിസിനസുകളിൽ നിന്നും മാറി പൂർണമായും മൈതാനത്ത് തന്നെ ശ്രദ്ധിക്കുമെന്നും പിക്വേ വാക്ക് കൊടുത്തിട്ടുണ്ട്.
വേതനത്തിൽ ഈയിടെ കുറവ് വരുത്തിയിരുന്നെങ്കിലും ഇപ്പോഴും ഗണ്യമായ തുക പിക്വേക്ക് നൽകേണ്ടതിനാലാണ് പ്രകടനം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ ടീം വിടുന്ന കാര്യം ഗൗരവമായി പരിഗണിക്കാൻ താരത്തോട് സാവിയും മാനേജ്‌മെന്റും ആവശ്യപ്പെട്ടത്. 2024 വരെ പിക്വേക്ക് ബാഴ്‌സിയിൽ കരാർ ബാക്കിയുണ്ട്. ക്രിസ്റ്റൻസൻ, അറോഹോ, എറിക് ഗർഷ്യ എന്നിവർ ഉള്ളതിനാൽ ഉദ്ദേശിച്ച പ്രകടനം ലഭിക്കാത്ത പക്ഷം പിക്വേയെ ബഞ്ചിലിരുത്താൻ സാവിക്ക് മറിച്ചു ചിന്തിക്കേണ്ടി വരില്ല.
എത്ര സീനിയർ താരം ആണെങ്കിലും താൻ ഉദ്ദേശിക്കുന്ന ഫലം ലഭിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കാൻ മടിക്കിലെന്ന ശക്തമായ സന്ദേശമാണ് സാവി നൽകാൻ ആഗ്രഹിക്കുന്നതും